ഹാഥ്റസ് ദുരന്തത്തിന് പിന്നാലെ വിഷാദത്തിൽ, വേദന താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ ; അജ്ഞാത കേന്ദ്രത്തില്‍ നിന്ന് വിവാദ ആള്‍ദൈവം
ഉത്തർപ്രദേശിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിന് ശേഷം വിഷാദത്തിലാണെന്ന് സ്വയം പ്രഖ്യാപിത ആൾ ദൈവമായ ഭോലെ ബാബ. ജുസംഭവത്തിൽ സഹായി ആയ ദേവ് പ്രകാശ് മധുകർ കീഴടങ്ങിയതിന് പിന്നാലെയാണ് ഭോലെ ബാബ പ്രതികരണവുമായി രംഗത്തെത്തുന്നത്. അജ്ഞാത കേന്ദ്രത്തില്‍ നിന്ന് വീഡിയോയിലൂടെ എഎൻഐയ്ക്ക് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ജൂലൈ രണ്ടാം തീയതി ഉണ്ടായ സംഭവത്തിന് ശേഷം എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം ഞങ്ങൾക്ക് നൽകട്ടെ. ദയവായി സർക്കാരിലും ജുഡീഷ്യറിയിലും വിശ്വസിക്കുക. കുഴപ്പം ഉണ്ടാക്കിയ ആരേയും വെറുതെ വിടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അപകടത്തിൽ പരിക്കേറ്റവരെയും ദുരിതത്തിലായ കുടുംബങ്ങളുടെയും ഒപ്പം നിൽക്കാനും അവരുടെ ജീവിതാവസാനം വരെ സഹായിക്കാനും എന്റെ അഭിഭാഷകൻ എപി സിങ് മുഖേന കമ്മിറ്റി അംഗങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്', ഭോലെ ബാബ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദേവ് പ്രകാശ് മധുകർ അറസ്റ്റിലായത്. ഡൽഹിയിൽ നിന്നാണ് മധുകറിനെ അറസ്റ്റ് ചെയ്തതെന്ന് ഹത്രാസ് പൊലീസ് സൂപ്രണ്ട് നിപുൺ അഗർവാൾ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കാൻ ഹാഥ്റസിലേക്ക് കൊണ്ടുവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹാഥ്റസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സത്സംഘ്ത്തിന്റെ മുഖ്യ സംഘാടകനായ മധുകറാണ് പ്രധാനപ്രതി. ചികിത്സയിലായിരുന്ന തന്റെ കക്ഷി ഡൽഹിയിലെത്തി കീഴടങ്ങിയതായി മധുകറിൻ്റെ അഭിഭാഷകൻ എ പി സിങ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഹാഥ്റസ് അപകടം നടന്നതിന് ശേഷം ആൾദൈവം ബോലെ ബാബയുടെ വാഹനം കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
121 പേരാണ് ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭോലെ ബാബയുടെ വാഹന വ്യൂഹത്തിന് കടന്നുപോകാൻ സംഘാടകർ രണ്ട് സൈഡിലേക്ക് മാറി വഴിയൊരുക്കുന്നതും സിസിടിവിയിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഭോലെ ബാബയുടെ വാഹനം തിരിച്ച് പോയത് അകമ്പടിയോടെയാണെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
vvfgdfddfdf