മാന്നാർ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു ; ജാമ്യ അപേക്ഷ നാളെ പരിഗണിക്കും
ആലപ്പുഴ മാന്നാർ കൊലപാതകത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആറു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചെങ്ങന്നൂർ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.
കലയെ കൊലപ്പെടുത്തിയെന്ന് കലയുടെ ഭർത്താവ് അനിൽ കുമാർ സമ്മതിച്ചതായി മുഖ്യസാക്ഷി പറയുന്നു. അനിൽ കുമാർ വിളിച്ചതനുസരിച്ച് വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടെന്നും സാക്ഷി സുരേഷ് പറഞ്ഞു. അനിൽ കുമാറിന്റെ ഭീഷണി ഭയന്നാണ് കൊലപാതക വിവരം പുറത്ത് പറയാതിരുന്നതെന്നും സുരേഷ് പൊലീസിനോട് പറഞ്ഞിരുന്നു.
ഇന്നലെയാണ് സെപ്റ്റിക് ടാങ്കിൽ നിന്നും കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെത്തിയത്. 15 വർഷങ്ങൾക്ക് മുൻപ് ഒരു യുവതിയെ കാണാതായ കേസിൽ സത്യങ്ങൾ പുറംലോകത്തേക്ക് എത്തുന്നത് ഒരു ഊമ കത്തിന്റെ രൂപത്തിലാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തിൽ 15 വർഷങ്ങൾക്ക് മുൻപ് ഇരമത്തൂരിൽ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്നു പറയപ്പെടുന്ന കല എന്ന 26 കാരി കൊല്ലപ്പെട്ടു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.