പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിപക്ഷം ലോക്സഭയിൽ


നീറ്റ് പരീക്ഷ ക്രമക്കേട്, പ്രോടെം സ്പീക്കർ നിയമനം എന്നിവയിലെ പ്രതിപക്ഷ പ്രതിഷേധത്തോടെ 18ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കമായി. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തി പിടിച്ചാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യത്തിലെ എം.പിമാർ ലോക്സഭയിലെത്തിയത്. രാവിലെ 10 മണിയോടെ പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെത്തിയ പ്രതിപക്ഷ അംഗങ്ങൾ ഭരണഘടന സംരക്ഷിക്കുമെന്ന് ചെറു പതിപ്പ് ഉയർത്തി മുദ്രാവാക്യം വിളിച്ചു. തുടർന്ന് കൂട്ടമായി സഭയിക്കുള്ളിലേക്ക് പോയി. പ്രോടെം സ്പീക്കർ നിയമനവുമായി ബന്ധപ്പെട്ടും പ്രതിപക്ഷ അംഗങ്ങൾ സഭക്കുള്ളിൽ പ്രതിഷേധിച്ചു. പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താബി പാനൽ വായിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ബഹളംവച്ചു. പാനൽ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാൻ പ്രോടെം സ്പീക്കർ വിളിച്ചെങ്കിലും കൊടിക്കുന്നിൽ സുരേഷ് അടക്കം മൂന്നു അംഗങ്ങളും തയാറായില്ല.

പ്രോടെം സ്പീക്കർ നിയമനത്തിൽ എട്ടു തവണ ലോക്സഭ എം.പിയായ കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ ദലിത് മുഖം കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ചതിൽ പ്രതിഷേധിച്ച് പ്രോടെം സ്പീക്കർ പാനലിൽ നിന്ന് പിന്മാറാൻ ഇൻഡ്യ സഖ്യം തീരുമാനിച്ചിരുന്നു. ഡി.എം.കെയുടെ ടി.ആർ. ബാലു, തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദോപോധ്യായ എന്നിവരാണ് പ്രതിപക്ഷത്തുനിന്ന് നിയോഗിക്കപ്പെട്ട മറ്റു രണ്ടുപേർ. നീറ്റ് പരീക്ഷ ക്രമക്കേടിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ സത്യപ്രതിജ്ഞക്കിടെ നീറ്റ്... നീറ്റ്... എന്ന് പ്രതിപക്ഷം വിളിച്ചു പറഞ്ഞു. വയനാട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി രാജിവെച്ചതായി പ്രോടെം സ്പീക്കർ സഭയെ അറിയിച്ചു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് ആദ്യ സമ്മേളനം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കാബിനറ്റ് മന്ത്രിമാർ, മറ്റു കേന്ദ്രമന്ത്രിമാർ എന്നിവരാണ് പ്രോടെം സ്പീക്കറായ ബി.ജെ.പി എം.പി ഭർതൃഹരി മെഹ്താബ് മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് അക്ഷരമാലാ ക്രമത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. കേരളത്തിൽ നിന്നുള്ള എം.പിമാരുടെ സത്യപ്രതിജ്ഞ വൈകീട്ട് നാലുമണിയോടെ നടക്കും. മൂന്നാം ഘട്ടത്തിൽ മൂന്ന് മടങ്ങ് അധ്വാനിക്കുമെന്ന് പ്രഥമ സമ്മേളനം ആരംഭിക്കുന്നതിന് മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തെ ജനങ്ങൾ മൂന്നാം തവണയും അവസരം നൽകിയിരിക്കുകയാണ്. ഇതൊരു മഹത്തായ വിജയമാണ്. തങ്ങളുടെ ഉത്തരവാദിത്തം മൂന്നിരട്ടിയായി വർധിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.

രാജ്യത്തെ ജനങ്ങൾ പ്രതിപക്ഷത്തിൽ നിന്ന് നല്ല നടപടികളാണ് പ്രതീക്ഷിക്കുന്നത്. ജനാധിപത്യത്തിന്‍റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനായി സാധാരണ പൗരന്മാരുടെ പ്രതീക്ഷക്കൊത്ത് പ്രതിപക്ഷം ഉയരുമെന്നാണ് പ്രതീക്ഷ. ജനങ്ങൾക്ക് നാടകവും കലഹവുമല്ല വേണ്ടത്. ജനങ്ങൾക്ക് വേണ്ടത് മുദ്രാവാക്യമല്ല, ഗുണപ്രദമായ പ്രതികരണമാണ്. രാജ്യത്തിന് നല്ലതും ഉത്തരവാദിത്തമുള്ളതുമായ പ്രതിപക്ഷമാണ് ആവശ്യം. പതിനെട്ടാം ലോക്‌സഭയിലേക്ക് വിജയിച്ച എം.പിമാർ സാധാരണക്കാരന്‍റെ പ്രതീക്ഷകൾ നിറവേറ്റാൻ ശ്രമിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

article-image

ADEFSGFSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed