നീറ്റ് പരീക്ഷാ ക്രമക്കേട്; ഡൽഹിയിൽ കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം, നിരോധനാജ്ഞ


നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധം ആളിക്കത്തുന്നു. ഡൽഹിയിൽ ബിജെപി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആദ്യമായാണ് ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ജലപീരങ്കി ഉൾപ്പടെയുള്ള പ്രതിരോധ സംവിധാനങ്ങൾ പൊലീസ് സജ്ജമാക്കിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. പട്നയില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളിലും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നുണ്ട്. പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. കേരളത്തിലും വിവിധയിടങ്ങളില്‍ പ്രതിഷേധ സമരം നടന്നു. നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധിച്ച് കെഎസ്‍യു തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

അതേസമയം, നീറ്റ് പരീക്ഷാ നടത്തിപ്പിലെ കൂടുതൽ വീഴ്ചകൾ പുറത്തുവരികയാണ്. പരീക്ഷാ കേന്ദ്രങ്ങളിൽ പലയിടങ്ങളിലും സിസിടിവി നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നാണ് പരീക്ഷാ ദിവസം പരിശോധന നടത്തിയ ഏജൻസിയുടെ കണ്ടെത്തൽ. ചോദ്യപേപ്പർ സൂക്ഷിച്ച സ്റ്റോർ റൂമിൽ സുരക്ഷ ഒരുക്കിയിരുന്നില്ല. പരിശോധന നടന്ന 399 കേന്ദ്രങ്ങളിൽ 186-ലും സിസിടിവി ഉണ്ടായിരുന്നില്ല. 68 കേന്ദ്രങ്ങളിൽ സ്ട്രോങ്ങ് റൂം സംവിധാനം ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തലുണ്ട്. പരീക്ഷാ ദിവസമായ മെയ് അഞ്ചിന് സന്ദർശനം നടത്തിയ ഏജൻസി ജൂൺ 16-നാണ് റിപ്പോർട്ട് നൽകിയത്.

നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്നാണ് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. വിഷയം ഉന്നതതല സമിതി പരിശോധിക്കുമെന്നും എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏത് ഉന്നതരായാലും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കരുത്. കള്ളപ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണം. നീറ്റ് , നെറ്റ് വിഷയങ്ങൾ വ്യത്യസ്തമാണ്. നെറ്റ് ചോദ്യപേപ്പർ ടെലഗ്രാമിൽ വന്നതായി വിവരം കിട്ടി. ബിഹാർ സർക്കാര്‍ ചില വിവരങ്ങൾ നൽകിയിട്ടുണ്ട്. നെറ്റ് പരീക്ഷ റദ്ദാക്കി. അതിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉറ്റുനോക്കിയ ജൂണ്‍ നാലിനാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ തവണ നീറ്റ് പരീക്ഷ എഴുതിയവരില്‍ രണ്ടുപേര്‍ മാത്രം മുഴുവന്‍ മാര്‍ക്ക് നേടിയപ്പോള്‍ ഇത്തവണ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. ഇതില്‍ ഏഴു പേര്‍ ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരായിരുന്നു. ഈ അസ്വാഭാവികതയാണ് വിവാദത്തിന് അടിസ്ഥാനമായതും അന്വേഷണത്തിലേക്ക് നീണ്ടതും.

article-image

dffgfgdefrwadfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed