പശ്ചിമ ബംഗാളിൽ ട്രെയിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ചരക്ക് ട്രെയിനിന്‍റെ ലോക്കോ പൈലറ്റും യാത്രാ ട്രെയിനിന്‍റെ ഗാര്‍ഡും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം അറുപതായും ഉയർന്നു. ഇവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിരവധി പേര്‍ ബോഗികള്‍ക്കിടയില്‍ പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
രാവിലെ 8: 50 ഓടെയാണ് അപകടം. ന്യൂജയ്പാൽഗുരി സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് മുന്നോട്ട് പോയ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്‍റെ പിന്‍ഭാഗത്തെ ബോഗികളിലേക്ക് സിഗ്നൽ മറികടന്നെത്തിയ ചരക്ക് ട്രെയിൻ ഇടിച്ചുകയറിയെന്നാണ് വിവരം. ഡല്‍ഹി റെയിൽവേ മന്ത്രാലയത്തിൽ വാര്‍ റൂം തുറന്നു. അപകടസ്ഥലത്തുനിന്ന് ലഭിക്കുന്ന വിവരങ്ങൾ ഏകോപിപ്പിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ വിലയിരുത്താനാണ് ഇത്.റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡല്‍ഹിയില്‍ നിന്ന് ഡാര്‍ജിലിംഗിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.
asdasdf