തമിഴകത്ത് സ്റ്റാലിൻ, ദില്ലിയിൽ കനിമൊഴി; ഡിഎംകെയിൽ അധികാര ദ്വയം
ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴകം തൂത്തുവാരിയ ഡിഎംകെയുടെ പാർലമെൻ്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ കനിമൊഴി, ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സ്ഥാനത്തേക്കാണ് ഉയർത്തപ്പെട്ടത്. ഡിഎംകെ സ്ഥാപക നേതാവ് എം കരുണാനിധിയുടെ മകളും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ അർദ്ധ സഹോദരിയുമായ കനിമൊഴി, തമിഴ് കവയിത്രികളിൽ പ്രധാനിയുമാണ്. പാർലമെൻ്ററി പാർട്ടി നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതോടെ പാർലമെൻ്റിൽ പാർട്ടിയുടെ നയങ്ങളും നീക്കങ്ങളും തീരുമാനിക്കാനുള്ള അധികാരം കൂടിയാണ് അവർക്ക് കൈവന്നിരിക്കുന്നത്.
പാർട്ടിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര ഷിപ്പിങ് മന്ത്രിയുമായിരുന്ന ടിആർ ബാലുവിൽ നിന്നാണ് കനിമൊഴിയിലേക്ക് അധികാരം കൈമാറിയിരിക്കുന്നത്. 83കാരനായ ടിആർ ബാലുവിൽ നിന്ന് പാർട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലെ തലമുറ മാറ്റം കൂടിയാണിത്. എംകെ സ്റ്റാലിനെ തമിഴ്നാട്ടിലും കനിമൊഴിയെ ദില്ലിയിലും പാർട്ടിയുടെ അധികാര കേന്ദ്രങ്ങളായി സ്ഥാപിച്ചുള്ള മാറ്റത്തിലൂടെ മുരശൊലി മാരൻ ദില്ലി രാഷ്ട്രീയത്തിൽ വഹിച്ച നിർണായക സ്വാധീനം എന്ന നിലയിൽ കനിമൊഴിക്ക് പ്രവർത്തിക്കാനുള്ള അവസരം കൂടിയാണ്.
ഡിഎംകെയുടെ എല്ലാ തട്ടിലും കനിമൊഴി തന്നെയാണ് ഈ സ്ഥാനത്തിന് കൂടുതൽ അർഹയെന്ന വിലയിരുത്തലുണ്ട്. തൂത്തുക്കുടിയിൽ വളർന്ന അവർ 2019 വരെ ഈ മണ്ഡലത്തിലെ എം.പിയായിരുന്നു. ഇത്തവണ ഇതേ മണ്ഡലത്തിൽ 3.47 ലക്ഷം ഭൂരിപക്ഷത്തിലാണ് കനിമൊഴി ജയിച്ചുകയറിയത്. രണ്ടാം യുപിഎ സർക്കാരിൻ്റെ കാലത്ത് 2ജി സ്പെക്ട്രം കേസിൽ പ്രതിയാക്കപ്പെട്ട് ആറ് മാസക്കാലം തിഹാർ ജയിലലിൽ കഴിഞ്ഞ കനിമൊഴിക്ക് ദില്ലി രാഷ്ട്രീയത്തിൽ രണ്ടാമുദയം കൂടിയാണിത്.
gffgfddasadsads