ഡൽഹിയിലെ രൂക്ഷമായ ജലക്ഷാമം: വിട്ടുനൽകാൻ അധിക ജലമില്ലെന്ന് ഹിമാചൽ പ്രദേശ്


ജലക്ഷാമം രൂക്ഷമായ ഡൽഹിയിലേക്ക് വിട്ടുനൽകാൻ അധിക ജലമില്ലെന്ന് ഹിമാചൽ പ്രദേശ് സുപ്രീംകോടതിയെ അറിയിച്ചു. അധിക ജലമുണ്ടെന്ന മുൻ പ്രസ്താവനക്ക് വിരുദ്ധമായ നിലപാടാണ് ഇന്ന് ഹിമാചൽ കോടതിയിൽ സ്വീകരിച്ചത്. ഇതോടെ, ജലവിതരണം ഉറപ്പാക്കാൻ അപ്പർ യമുന റിവർ ബോർഡിനെ സമീപിക്കാൻ ഡൽഹി സർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി.മാനുഷിക പരിഗണന നൽകി ഡൽഹിയിൽ ജലവിതരണം നടത്തണമെന്ന് യമുന റിവർ ബോർഡിന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ നൽകാനും കോടതി നിർദേശിച്ചു.

ജലക്ഷാമം പരിഹരിക്കാൻ ഹിമാചൽ നൽകുന്ന അധിക ജലം വിട്ടുനൽകാൻ ഹരിയാനയോട് ആവശ്യപ്പെടണമെന്ന് കാണിച്ച് ഡൽഹി സർക്കാർ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, പ്രസന്ന വരാൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയിൽ വാദം കേട്ടത്. യമുനാ നദിയിലെ ജലം സംസ്ഥാനങ്ങൾ വീതിച്ചെടുക്കുന്നത് സങ്കീർണമായ കാര്യമാണെന്നും ഇക്കാര്യത്തിൽ നേരിട്ട് ഇടപെടാൻ സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. നദീജല തർക്കം പരിഹരിക്കാൻ 1994ൽ സ്ഥാപിച്ച ബോർഡിന്‍റെ പരിഗണനയ്ക്ക് വിടണമെന്നും കോടതി പറഞ്ഞു.

article-image

dfbgfgfg

You might also like

Most Viewed