മണിപ്പൂരിൽനിന്ന് കൂട്ട പലായനം; അതീവ ജാഗ്രതയിൽ അസം
കലാപത്തിന്റെ തീവ്രതയിൽനിന്ന് മോചനം നേടനാവാതെ മണിപ്പൂർ. സംഘർഷഭരിതമായ ജിരിബാം ജില്ലയിൽ നിന്നുള്ളവരടക്കം 2,000ത്തോളം പേർ അയൽ സംസ്ഥാനമായ അസമിലേക്ക് പലായനം ചെയ്തതതായാണ് റിപ്പോർട്ട്. അഭയാർഥികളെത്തുന്ന സാഹചര്യത്തിൽ അസമിലെ കച്ചാർ ജില്ലയിൽ സുരക്ഷാസേന അതീവ ജാഗ്രത പുലർത്തുകയാണ്. അഭയം തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് അസമിലെ ലാഖിപൂർ മണ്ഡലം എം.എൽ.എ കൗശിക് റായ് പറഞ്ഞു. ഇവരിൽ ഭൂരിഭാഗവും കുക്കി ഗോത്രക്കാരാണ്. മെയ്തേയികളും കൂട്ടത്തിലുണ്ട്. മണിപ്പൂരിലെ പൊട്ടിത്തെറി അസമിലേക്ക് പടരാതിരിക്കാൻ പൊലീസ് മേധാവികളും ലാഖിപൂരിലെ വിവിധ സമുദായ സംഘടനകളും തിങ്കളാഴ്ച യോഗം ചേർന്നതായി കൗശിക് പറഞ്ഞു. ഞങ്ങൾക്കിവിടെ വളരെ വൈവിധ്യമാർന്ന ജനസംഖ്യയുണ്ട്.
ബംഗാളികൾ, ഹിന്ദി സംസാരിക്കുന്നവർ, മണിപ്പൂരി മുസ്‌ലിംകൾ, ബിഹാരികൾ, കുക്കികൾ, ഖാസി, റോങ്‌മേയ് തുടങ്ങിയവരൊക്ക ഇവിടെ അധിവസിക്കുന്നു. ഇപ്പോൾ അഭയാർഥകളുടെ എണ്ണം ഏറെയുണ്ട്. എന്നാൽ, എന്ത് സംഭവിച്ചാലും അത് അസമിനെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലാഖിപൂർ സബ് ഡിവിഷനിൽ സുരക്ഷ ശക്തമാക്കിയതായും പ്രത്യേക കമാൻഡോകളെ വിന്യസിച്ചിട്ടുണ്ടെന്നും കച്ചാർ എസ്‍.പി നുമാൽ മഹാത്ത പറഞ്ഞു. കുഞ്ഞുങ്ങളുമായടക്കം കുടിയേറുന്നവരെ സ്കൂളുകളിലും മറ്റുമുള്ള ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. മധുപൂരിൽ നിന്നുള്ള സുഭിത ഒക്രം ജിരിബാമിലെ സ്‌പോർട്‌സ് കോംപ്ലക്സിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. ‘തീവ്രവാദികൾ ഗ്രാമത്തെ വളഞ്ഞതറിഞ്ഞ ഉടൻ ഞങ്ങളവിടം വിട്ട് ബോറോബെക്ര പോലീസ് സ്റ്റേഷനിൽ അഭയം തേടി. തൊട്ടുപിന്നാലെ ഞങ്ങളുടെ വീടുകൾ അഗ്നിക്കിരയാക്കിയെന്ന വാർത്തയെത്തി. അവിട നിന്നാണ് ഞങ്ങളെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. ഇനി തിരികെ പോകാനാകുമോ എന്ന് ഞങ്ങൾക്ക് അറിയില്ലെ’ന്നും സുഭിത വിലപിക്കുന്നു. ഒരു വർഷം പിന്നിട്ട മണിപ്പൂർ കലാപം ശമിപ്പിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല. കലാപം തുടങ്ങിയതിന് ശേഷം മോദി മണിപ്പൂർ സന്ദർശിക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മോദി സംസ്ഥാനത്തെത്തിയില്ല. മണിപ്പൂർ സമാധാനത്തിനായി കാത്തിരിക്കുകയാണെന്നും തെരഞ്ഞെടുപ്പിലെ വാചാടോപങ്ങൾ മാറ്റിവെച്ച് രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും കഴിഞ്ഞ ദിവസം ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് കുറ്റപ്പെടുത്തിയിരുന്നു. പത്ത് വർഷം മുമ്പ് മണിപ്പൂരിൽ സമാധാനമുണ്ടായിരുന്നു. പെട്ടന്നാണ് സാഹചര്യം മാറിയതെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി. മൂന്നാം മോദി സർക്കാർ അധികാരമേറ്റതിനു തൊട്ടുപിന്നാലെയാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന.
hjknhjkhjkh