ബിജെപിക്കെതിരെ അപമാനകരമായ പരസ്യം നല്‍കി; മാനനഷ്ടകേസില്‍ രാഹുലിന് ജാമ്യം
കര്‍ണ്ണാടക ബിജെപി യൂണിറ്റ് നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. 2023 ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യധാരാ മാധ്യമങ്ങളില്‍ ബിജെപിക്കെതിരെ അപമാനകരമായ പരസ്യം നല്‍കിയെന്നാരോപിച്ച് ബിജെപി നേതാവ് കേശവ് പ്രസാദയാണ് പരാതി നല്‍കിയത്.
2023 മെയ് അഞ്ചിനാണ് കേസിനാസ്പദമായ പരസ്യം പത്രങ്ങളില്‍ വന്നത്. കേസില്‍ മുഖ്യ മന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും ജൂണ്‍ ഒന്നിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. '40 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാര്‍' എന്ന തലക്കെട്ടോടെയായിരുന്നു പരസ്യം.
ജൂലൈ 30 ന് കേസ് വീണ്ടും പരിഗണിക്കും. രാഹുല്‍ നേരിട്ട് കോടതിയില്‍ ഹാജരായി. കര്‍ണ്ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ നിരന്തരം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരാണ് എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരസ്യം. പരസ്യം അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുള്‍പ്പെടെ ബിജെപി നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നായിരുന്നു ബിജെപി ആരോപണം.
dtfgfgfgjghg