വിധിയിൽ ഭയമില്ല, വിചാരണ നേരിടും; ആന്‍റണി രാജു
തൊണ്ടി മുതൽ കേസിൽ സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ ആന്‍റണി രാജു. വിചാരണ നേരിടാൻ പറഞ്ഞാൽ നേരിടുമെന്നും അതിലൊന്നും പ്രശ്നമില്ലെന്നും ആന്‍റണി രാജു പറഞ്ഞു. വിധി പകര്‍പ്പിന്‍റെ പൂര്‍ണ വിവരം ലഭിച്ചിട്ടില്ല. അതിനുശേഷം ഇക്കാര്യത്തിൽ വിശദമായി പ്രതികരിക്കാം. താൻ ഇവിടെ തന്നെയുണ്ട്. അപ്പീൽ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിധിപകര്‍പ്പ് ലഭിച്ചശേഷം തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ആന്‍റണി രാജു പറഞ്ഞു.
വിധിയിൽ ഒരു ഭയവുമില്ലെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും വിചാരണ നേരിടുമെന്നും ആന്‍റണി രാജു പറഞ്ഞു. രാഷ്ട്രീയ വിരോധം തീർക്കാൻ ഉമ്മൻചാണ്ടി സർക്കാർ പുനരന്വേഷണത്തിന് ഉത്തരവിടുകയാണ് ചെയ്തത്. നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കും. നിയമപരമായി മുന്നോട്ടു പോയാൽ നീതി തന്‍റെ ഭാഗത്തായിരിക്കുമെന്നും
വിചാരണ നേരിടാൻ 2006 മുതൽ തയ്യാറായിരുന്നുവെന്നും ആൻറണി രാജു പറഞ്ഞു.
അതേസമയം, സുപ്രീം കോടതിയുടേത് അബദ്ധ വിധിയാണെന്ന് ആന്‍റണി രാജുവിന്‍റെ അഭിഭാഷകൻ ദീപക് പ്രകാശ് പറഞ്ഞു. തൊണ്ടി മുതൽ സൂക്ഷിക്കുന്ന കോടതിയിലെ ജീവനക്കാരനായ ആളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് എന്ന് സിബിഐ കേരള പൊലീസിന് റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്. അതിൽ ആന്‍റണി രാജുവിന്‍റെ പേരു പോലുമില്ല. ആന്‍റണി രാജു തൊണ്ടു മുതൽ വാങ്ങികൊണ്ടുപോകുന്നതിന് അപേക്ഷ നൽകിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. അപേക്ഷ നൽകിയത് പ്രതിയാണെന്നും അഭിഭാഷകൻ ദീപക് പ്രകാശ് പറഞ്ഞു. കേസിൽ സാക്ഷി മൊഴിയോ തെളിവുകളോ ഇല്ലെന്നും അതിനാൽ തന്നെ വിചാരണ നേരിടണമെന്ന് പറഞ്ഞുള്ള കോടതി വിധി അബദ്ധമാണെന്നും അഡ്വ. ദീപക് പ്രകാശ് പറഞ്ഞു.
കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച് പ്രതിയെ അന്ന് അഡ്വക്കേറ്റായിരുന്ന ആന്റണി രാജു രക്ഷപ്പെടുത്തിയെന്ന കേസിലാണ് കോടതി ഉത്തരവ്. 1990 ഏപ്രില്‍ 4-നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്നും മാറ്റി പകരം മറ്റൊന്ന് വെച്ചുവെന്നാണ് കേസ്.
adsadsasdas