കുവൈറ്റിനെ രാഷ്‌ട്രീയ പ്രതിസന്ധിയിലാക്കി പാർലമെന്‍റ് പിരിച്ചുവിട്ടു
കുവൈറ്റിൽ ആഴ്ചകൾക്കു മുന്പ് തെരഞ്ഞെടുക്കപ്പെട്ട പാർലമെന്‍റ് പിരിച്ചുവിട്ടുകൊണ്ട് ഭരണാധികാരിയായ ഷെയ്ഖ് മിഷാൽ അൽ സാബാ ഉത്തരവിറക്കി. പാർലമെന്‍റിന്‍റെ ആദ്യസമ്മേളനം തിങ്കളാഴ്ച ചേരാനിരിക്കേയാണ് കുവൈറ്റിനെ രാഷ്‌ട്രീയ പ്രതിസന്ധിയിലാക്കിയ തീരുമാനമുണ്ടായത്. ഷെയ്ഖ് മിഷാലും അദ്ദേഹം നിയമിക്കുന്ന മന്ത്രിസഭയും പാർലമെന്‍റിന്‍റെ ചില അധികാരങ്ങൾ ഏറ്റെടുക്കും. ഭരണഘടനയിലെ ചില വകുപ്പുകൾ റദ്ദാക്കിയെന്നും ഷെയ്ഖ് അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് അഴിമതി പടരുകയാണെന്നും സുരക്ഷ, സാന്പത്തികം, നീതി വകുപ്പുകളടക്കം എല്ലാവിധ സർക്കാർ സംവിധാനങ്ങളെയും അഴിമതി ബാധിച്ചുവെന്നും ഷെയ്ഖ് മിഷാൽ ചൂണ്ടിക്കാട്ടി. എൺപത്തിമൂന്നുകാരനായ ഷെയ്ഖ് അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ഏപ്രിലിൽ നടന്നത്. ചില രാഷ്‌ട്രീയ നേതാക്കൾ സർക്കാരിൽ പങ്കുചേരാൻ വിസമ്മതിച്ചിരുന്നു.
sdfsfs