കുവൈത്തിലെ ജനസംഖ്യ 4.91 ദശലക്ഷമായി; പ്രവാസികൾ 3.36 ദശലക്ഷം
കുവൈത്തിലെ ജനസംഖ്യ 4.91 ദശലക്ഷമായി. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോയുടെ സമീപകാല സ്ഥിതിവിവരക്കണക്കുകളാണ് 2024 ജനുവരി ഒന്നിന് കുവൈത്തിലെ ജനസംഖ്യ 4.91 ദശലക്ഷത്തിലെത്തിയതായി വ്യക്തമാക്കുന്നത്. 2023ലെ അതേ ദിവസം 4.79 ദശലക്ഷം ജനസംഖ്യയുണ്ടെന്നായിരുന്നു കണക്ക്. ഇതിനേക്കാൾ 119,700 പേർ കൂടി കൂടിയതായി പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തു. കുവൈത്ത് പൗരന്മാരുടെ എണ്ണം 28,700 വർധിച്ചതായും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 2023ന്റെ തുടക്കത്തിൽ 1.517 ദശലക്ഷം പേരാണുണ്ടായിരുന്നതെങ്കിൽ 2024 ജനുവരിയിൽ 1.545 ദശലക്ഷം പേരുണ്ട്. 2024 ജനുവരിയുടെ തുടക്കത്തിൽ പുരുഷ പൗരന്മാരുടെ എണ്ണം 758,700 ആയി വർധിച്ചു. 2023 ജനുവരിയിലെ ആദ്യ ദിനത്തിൽ 744,230 ആയിരുന്നു. 2023 ജനുവരിയിലെ ആദ്യ ദിവസം 772,800 ആയിരുന്ന സ്ത്രീ പൗരന്മാരുടെ എണ്ണം 2024 ജനുവരി ആദ്യ ദിവസം 787,000 ആയി വർധിച്ചു. 2024 ജനുവരി ഒന്നിന് പ്രവാസികളുടെ എണ്ണം 90,990 പേർ കൂടി 3.36 ദശലക്ഷമായി വർധിച്ചു. 2023 ജനുവരി ഒന്നിന് 3.27 ദശലക്ഷവുമാണുണ്ടായിരുന്നത്. 2023 ജനുവരി ഒന്നിന് 2.18 ദശലക്ഷമായിരുന്നു പുരുഷ പ്രവാസികളുടെ എണ്ണം 2024 ജനുവരി ഒന്നിന് 2.26 ദശലക്ഷമായി മാറി. അതേകാലയളവിൽ 1.08 ദശലക്ഷമായിരുന്നു സ്ത്രീ പ്രവാസികളുടെ എണ്ണം 1.1 ദശലക്ഷമായും വർധിച്ചു.
കുവൈത്തിൽ ആകെ തൊഴിലാളികളുടെ എണ്ണം 2.9 ദശലക്ഷത്തിലെത്തിയതായാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ കണക്ക് വെളിപ്പെടുത്തുന്നത്. 1,678,958 പ്രവാസി തൊഴിലാളികളാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് 1,593,49 തൊഴിലാളികളാണ് വർധിച്ചത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ വിദേശ തൊഴിലാളികളുടെ സംഭാവന 78.7 ശതമാനമായി ഉയർന്നു. ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം വർധിച്ചപ്പോൾ ഈജിപ്തുകാരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. 535,083 ഇന്ത്യൻ തൊഴിലാളികളാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. തൊട്ടു പിറകിൽ 476,866 തൊഴിലാളികളുമായി ഈജിപ്താണുള്ളത്. കഴിഞ്ഞ വർഷം നേപ്പാളി തൊഴിലാളികളാണ് കൂടുതൽ വർധനവ് രേഖപ്പെടുത്തിയ പ്രവാസി സമൂഹം. കുവൈത്തി തൊഴിലാളികളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് 786,231 തൊഴിലാളികളാണ് ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്നത്.
sdf