കുവൈത്തിൽ ബയോമെട്രിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു
രാജ്യത്ത് ബയോമെട്രിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ എല്ലാ പൗരന്മാരും താമസക്കാരും ബയോമെട്രിക് ഫിംഗർപ്രിന്റ് രജിസ്ട്രേഷന് വിധേയരാകണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചു. ജൂൺ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതിനകം എല്ലാവരും നടപടികൾ പൂർത്തിയാക്കണം. ജൂൺ ഒന്നു മുതൽ ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത വ്യക്തികൾക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവെക്കും. കുവൈത്ത് പൗരന്മാർക്കും ജി.സി.സി പൗരന്മാർ, പ്രവാസികൾ എന്നിവർക്കായി രാജ്യത്തിന്റെ അതിർത്തികൾ, കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ട്, നിയുക്ത കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ബയോമെട്രിക് ഫിംഗർപ്രിന്റ് രജിസ്ട്രേഷൻ പ്രക്രിയക്കുള്ള സജ്ജീകരണങ്ങൾ മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലും വാണിജ്യസമുച്ചയങ്ങളിലും ബയോമെട്രിക് വിരലടയാള രജിസ്ട്രേഷൻ സൗകര്യപ്രദമായി പൂർത്തിയാക്കാൻ കഴിയും.പൗരന്മാർക്കും ജി.സി.സി പൗരന്മാർക്കുമായി ഹവല്ലി, ഫർവാനിയ, അഹ്മദി, മുബാറക് അൽ കബീർ, ജഹ്‌റ ഗവർണറേറ്റുകൾ എന്നിവയുൾപ്പെടെ പ്രധാന സുരക്ഷാ ഡയറക്ടറേറ്റുകളിൽ രജിസ്‌ട്രേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
അലി സബാഹ് അൽ സാലം ഐഡന്റിഫിക്കേഷൻ ഡിപ്പാർട്മെന്റിലും, ജഹ്‌റ മേഖലയിലെ ഐഡന്റിഫിക്കേഷൻ ഡിപ്പാർട്മെന്റിലും പ്രവാസികൾക്കായി രണ്ടു കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ഇവ പ്രവർത്തിക്കും. പൗരന്മാർക്കും താമസക്കാർക്കും ‘സഹൽ’ ആപ്ലിക്കേഷനും ‘മെറ്റാ പ്ലാറ്റ്‌ഫോം’ വഴിയും ബയോമെട്രിക് ഫിംഗർപ്രിന്റ് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം. അവന്യൂസ് മാൾ, 360 മാൾ, അൽ കൂത്ത് മാൾ, ക്യാപിറ്റൽ മാൾ, മിനിസ്ട്രീസ് കോംപ്ലക്സ് തുടങ്ങിയ പ്രമുഖ ഷോപ്പിങ് മാളുകളിൽ രജിസ്ട്രേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുവൈത്തിൽനിന്ന് പുറത്തുപോകാൻ ബയോമെട്രിക് വിരലടയാളം ആവശ്യമില്ല. രാജ്യത്തേക്ക് വരുമ്പോൾ നിർബന്ധമാണ്. യാത്രക്കുമുമ്പ് ഇവ പൂർത്തിയാക്കിയാൽ തിരിച്ചെത്തുമ്പോൾ നടപടികൾ സുഗമമാകും.
dsffd