കുവൈത്തിൽ ശൈത്യകാല തമ്പുകൾ മാർച്ച് 15 മുതൽ നീക്കം ചെയ്യും

കുവൈത്തിൽ ശൈത്യകാല തമ്പുകൾ മാർച്ച് 15 മുതൽ നീക്കം ചെയ്‌തു തുടങ്ങും. ഇതിനുള്ള തയ്യാറെടുപ്പുകൾക്കായി സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി ഫീൽഡ് ടീമുകളെ നിയോഗിച്ചു. എല്ലാ ക്യാമ്പിംഗ് സൈറ്റുകളിലും ഫീൽഡ് ടീമുകൾ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. ക്യാമ്പുകൾ നീക്കം ചെയ്യുന്നതിനും ഭൂമി വൃത്തിയാക്കുന്നതിനുമുള്ള തയ്യാറെടുപ്പുകളെ കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം സ്പ്രിങ് ക്യാമ്പ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് അഞ്ച് ഫീൽഡ് ടീമുകളെ ചുമതലപ്പെടുത്തിയത്. ക്യാമ്പ് ഒഴിയുന്നതിന് മുമ്പ് സൈറ്റുകൾ വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ഫീൽഡ് ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മാർച്ച് 15 വരെയാണ് തമ്പുകൾക്ക് അനുമതിയുള്ളത് . കാലാവധി കഴിയുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ തമ്പുകൾ പൊളിച്ചു നീക്കുകയും സ്ഥലം വൃത്തിയാക്കുകയും വേണമെന്നാണ് ചട്ടം. ഇതനുസരിക്കാത്തവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. മാത്രമല്ല പൊളിച്ചു നീക്കുന്നതിന് ചെലവാകുന്ന തുക ഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യും. ക്യാമ്പ് സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള ചട്ടങ്ങൾക്ക് പുറമെ പരിസ്ഥിതി അതോറിറ്റിയിൽ നിന്നുള്ള പിഴകളും നിയമലംഘകർ ഒടുക്കേണ്ടി വരുമെന്ന് അധികൃതർ ഓർമിപ്പിച്ചു .