കുവൈത്ത് അറുപതാം ദേശീയ ദിനം ആഘോഷിച്ചു

കുവൈത്ത് സിറ്റി: അറുപതാം ദേശീയ ദിനം ആഘോഷിച്ച കുവൈത്ത്. കോവിഡ് പശ്ചാത്തലത്തിൽ പൊതു പരിപാടികൾ ഒഴിവാക്കിയായിരുന്നു ദിനാചരണം. സ്വാതന്ത്ര്യലബ്ദിയുടെ അറുപതാം വാർഷികത്തിൽ മുഴുവൻ രാജ്യ നിവാസികൾക്കും കുവൈത്ത് ഭരണാധികാരികൾ ആശംസകൾ നേർന്നു.മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരവങ്ങളോ ആഘോഷ പരിപാടികളോ ഇല്ലാതെ ആയിരുന്നു ഇത്തവണ ദേശീയ ദിനം കടന്നു പോയത്. ആഘോഷങ്ങൾ വീട്ടിലൊതുക്കണമെന്നു കർശന നിർദേശമുള്ളതിനാൽ തെരുവുകൾ വിജനമായിരുന്നു.
മുൻ അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്‍റെ വിയോഗവും കോവിഡ് മഹാമാരിയും ദേശീയ ദിന ആഘോഷങ്ങളുടെ പൊലിമ കുറച്ചു. ഒത്തു ചേരലുകൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു . ആരോഗ്യ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്നില്ല എന്നുറപ്പു വരുത്താൻ രാജ്യമെങ്ങും പോലീസ് പെട്രോളിംഗ് ശക്തമാക്കിയിരുന്നു. ദേശീയ ദിനത്തിന്‍റെ ഭാഗമായി നാൽ ദിവസം അവധിയുണ്ടെങ്കിലും കോവിഡ് നിയന്ത്രങ്ങൾ മൂലം പ്രവാസി കൂടായ്മകളും ആഘോഷങ്ങൾ ഓൺലൈൻ പരിപാടികളിൽ ഒതുക്കിയിരുന്നു. രക്ഷതസാക്ഷികളുടെ വീരസ്മരണ പുതുക്കി രാജ്യം നാളെ വിമോചന ദിനം ആചരിക്കും.