കുവൈത്തിൽ മാസ്‌ക് ധരിക്കാത്തവർ‍ക്ക് ഇനി 100 ദിനാർ പിഴ


കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന് മന്ത്രിസഭ ഉന്നതസമിതിയുടെ നിർദ്ദേശം. മാസ്ക് ധരിക്കാത്തവർക്ക് 100 ദിനാർപിഴ ഈടാക്കുന്നതിനും സമിതി നിർദ്ദേശിച്ചു. കൊറോണ രോഗ വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഉണ്ടായേക്കാവുന്ന അപകടകരമായ അവസ്ഥ കണക്കിലെടുത്തു ജനങ്ങൾ കർശനമായും ആരോഗ്യ മന്ത്രാലയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അടിയന്തിര മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ നടപടി കൈക്കൊള്ളണമെന്നും മന്ത്രിസഭാ സമിതി ആവശ്യപ്പെട്ടു.

പൊതുജനങ്ങൾ നിർബന്ധമായും മാസ്കും കൈ ഉറയും ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനും വളരെ അത്യാവശ്യമായ ഘട്ടങ്ങളിൽ മാത്രമേ വീട് വിട്ടു പുറത്തിറങ്ങാവൂ എന്നും സമിതി ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയ നിർദ്ദേശങ്ങൾ പാലിക്കാത്തവരെ കണ്ടെത്തി ശിക്ഷ നടപ്പിലാക്കുന്നതിനും, ബന്ധപ്പെട്ട അധികൃതർ കർശനമായ നിരീക്ഷണം തുടരുന്നതിനും സമിതി ആവശ്യപ്പെട്ടു.

You might also like

Most Viewed