മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് കുവൈറ്റ്
കുവൈത്ത് സിറ്റി: മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് നീതിന്യായ മന്ത്രിയും ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ വാസ്മി. മനുഷ്യക്കടത്ത് ഇസ്‍ലാമിക നിയമത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. മനുഷ്യക്കടത്ത്, കുടിയേറ്റക്കാരെ ചെറുക്കൽ എന്നിവക്കുള്ള ദേശീയ സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇവയെ ചെറുക്കുന്നതിനുള്ള നിയമം നടപ്പിലാക്കുന്നതിന് മന്ത്രാലയങ്ങളിൽ നിന്നും ബന്ധപ്പെട്ട അധികാരികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും എല്ലാ ശ്രമങ്ങളും അനിവാര്യമാണെന്നും സൂചിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനകളിൽ കുവൈത്തിന്റെ പദവി ഉയർത്തുന്നതിനുള്ള ദേശീയ സമിതിയുടെ ശ്രമങ്ങൾക്ക് മന്ത്രിസഭ പിന്തുണ അറിയിച്ചു.
ദേശീയ സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഓരോ മൂന്ന് മാസത്തിലും സർക്കാറിന് കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വഞ്ചനയിലൂടെയും കള്ളപ്പണത്തിലൂടെയും പൗരത്വം നേടിയ വ്യക്തികളിൽ നിന്ന് പൗരത്വം പിൻവലിക്കുന്നത് സംബന്ധിച്ച കേസുകളിൽ കുവൈത്ത് പൗരത്വം അന്വേഷിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ ആവശ്യവും അംഗീകരിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന 45ാമത് ജി.സി.സി ഉച്ചകോടിയുടെ ഒരുക്കങ്ങളും വിലയിരുത്തി. ജി.സി.സി രാജ്യങ്ങളുടെ നേതാക്കളെ മന്ത്രിമാർ കുവൈത്തിലേക്ക് സ്വാഗതം ചെയ്തു. മറ്റു പ്രധാന വിഷയങ്ങളും മന്ത്രിസഭ വിലയിരുത്തി.
േ്ിേ്ി