കുവൈത്ത് ദുരന്തം; ആകെ മരിച്ച 43 ഇന്ത്യാക്കാരിൽ 15 മലയാളികളെ തിരിച്ചറിഞ്ഞു


കുവൈറ്റിലെ തൊഴിലാളി ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഉയരുന്നു. ആകെ മരിച്ച 43 ഇന്ത്യാക്കാരിൽ 15 പേർ മലയാളികളാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞു.  തിരിച്ചറിയാനുള്ള മൃതദേഹങ്ങൾ മിക്കതും കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ മാത്രമേ ഇവരെ തിരിച്ചറിയാനാകൂ. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആകെ 49 പേരാണു തീപിടിത്തത്തിൽ മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ കുവൈത്തിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഉടൻ നാട്ടിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.  ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം മരിച്ച 49 പേരിൽ 43 പേർ ഇന്ത്യക്കാരാണെന്നു ഡൽഹി എയർപോർട്ടിൽനിന്നു കുവൈറ്റിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കീർത്തി വർധൻ സിംഗ് പറഞ്ഞു. കുവൈറ്റിലെത്തുമ്പോൾ സ്ഥിതിഗതികൾ വ്യക്തമാകുമെന്നും മന്ത്രി അറിയിച്ചു. 

അതേസമയം, തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. മൃതദേഹങ്ങൾ വ്യോമസേനയുടെ വിമാനത്തിലാകും നാട്ടിൽ എത്തിക്കുക.  മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വേഗത്തിലാക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജും കുവൈറ്റിലേക്കു പോകും. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം വീതം നല്കും. മരിച്ച ആറു പേർ ഫിലിപ്പൈൻസ് സ്വദേശികളാണ്. ചികിൽസയിയിലുള്ള 26 പേരിൽ ഏഴുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ഏറെയും മലയാളികളാണ്. പരിക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിൽസ ഉറപ്പുവരുത്തിയതായി ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.  തെക്കൻ കുവൈറ്റിൽ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനി ജീവനക്കാരുടെ ഫ്ലാറ്റിലാണ് ബുധനാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. 

കുവൈറ്റി പൗരന്‍റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.  കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് കുറ്റപ്പെടുത്തി. അതേസമയം, തീപിടിത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും എല്ലാ സഹായവും ഉറപ്പാക്കുമെന്ന് എൻബിടിസി കമ്പനി അറിയിച്ചു.  മരിച്ചവരിൽ 15 മലയാളികളെയാണ് ഔദ്യോഗികമായി തിരിച്ചറിഞ്ഞത്. കൊല്ലം സ്വദേശികളായ ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30), പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു−48), പത്തനംതിട്ട സ്വദേശികളായ പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ ആകാശ് ശശിധരന്‍ നായര്‍ (31), കോന്നി അട്ടച്ചാക്കല്‍ ചെന്നശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ (68), തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍ (37), മാത്യു ജോർജ്, കോട്ടയം സ്വദേശികളായ പാമ്പാടി വിശ്വഭാരതി കോളജിനു സമീപം ഇടിമണ്ണില്‍ സാബു ഫിലിപ്പിന്‍റെ മകന്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് −ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളായ തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്‍റെപുരക്കല്‍ നൂഹ് (40), പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, കാസര്‍ഗോഡ് സ്വദേശികളായ ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

article-image

ംനംന

You might also like

Most Viewed