നിപ പ്രതിരോധം; ആരോഗ്യ വകുപ്പ് പ്രത്യേക പ്രവർ‍ത്തന കലണ്ടർ‍ തയ്യാറാക്കുന്നു


സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രവർ‍ത്തന കലണ്ടർ‍ തയ്യാറാക്കുന്നു. വർ‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവർ‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതൽ‍ സെപ്റ്റംബർ‍ വരെയുള്ള പ്രവർ‍ത്തനങ്ങളും ഉൾ‍ക്കൊള്ളിച്ചാണ് കലണ്ടർ‍ തയ്യാറാക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നൽ‍കിയുള്ള പ്രവർ‍ത്തനങ്ങൾ‍ നടത്തണം. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവർ‍ത്തനങ്ങൾ‍ ശക്തമാക്കും. സാഹചര്യമുണ്ടായാൽ‍ നേരിടുന്നതിന് മോക് ഡ്രില്ലുകൾ‍ സംഘടിപ്പിക്കും. കോഴിക്കോട്, വയനാട് ജില്ലകൾ‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഈ ജില്ലകളിൽ‍ സെപ്റ്റംബർ‍ മാസം വരെ കാമ്പയിന്‍ അടിസ്ഥാനത്തിൽ‍ നിപ വൈറസ് പ്രതിരോധ പ്രവർ‍ത്തനങ്ങൾ‍ ശക്തമായി നടത്തണമെന്നും മന്ത്രി നിർ‍ദേശം നൽ‍കി.

കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലാണ് വവ്വാലുകളിൽ‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയിട്ടുള്ളത്. ഈ ജില്ലകളിൽ‍ ആരോഗ്യ കേന്ദ്രങ്ങൾ‍ വഴി അവബോധ പ്രവർ‍ത്തനങ്ങൾ‍ ശക്തമാക്കണം. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, പക്ഷികൾ‍ കടിച്ച പഴങ്ങൾ‍ കഴിക്കരുത്, വാഴക്കുലയിലെ തേന്‍ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസർ‍ജ്യമോ അവ കടിച്ച വസ്തുക്കളോ സ്പർ‍ശിക്കുന്ന സാഹചര്യം ഉണ്ടായാൽ‍ കൈകൾ‍ സോപ്പ് ഉപയോഗിച്ച് കഴുകണം തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. സ്‌കൂൾ‍ ഹെൽ‍ത്തിന്റെ ഭാഗമായി കുട്ടികൾ‍ക്കും അവബോധം നൽ‍കും.

നിപ പ്രതിരോധത്തിന് വർ‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവർ‍ത്തനങ്ങളും കലണ്ടറിലുണ്ട്. പനി, തലവേദന, അകാരണമായ ശ്വാസംമുട്ടൽ‍, മസ്തിഷ്‌ക ജ്വരം എന്നിവയുമായി ആശുപത്രികളിലെത്തുന്നുണ്ടെങ്കിൽ‍ വളരെ ശ്രദ്ധിക്കണം. കാരണം ഉറപ്പുവരുത്തുന്നതിന് മുമ്പ് മരണമുണ്ടായാൽ‍ റിപ്പോർ‍ട്ട് ചെയ്യണം. സ്വകാര്യ ആശുപത്രികളും ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണം.

രോഗലക്ഷണങ്ങളിൽ‍ സംശയമുണ്ടെങ്കിൽ‍ കൂടുതൽ‍ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിൽ‍ റഫർ‍ ചെയ്യണം. ശ്വാസകോശ സംബന്ധമായ കേസുകൾ‍ ഓഡിറ്റ് ചെയ്യുകയും മസ്തിഷ്‌ക ജ്വരം (AES) സംബന്ധിച്ച കേസുകളിൽ‍ ഡെത്ത് ഓഡിറ്റ് നടത്തുകയും വേണം. ആശുപത്രി ജിവനക്കാർ‍ക്ക് അണുബാധാ നിയന്ത്രണവും സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവയും സംബന്ധിച്ച് വ്യാപകമായി പരിശീലനം നൽ‍കണമെന്നും കലണ്ടറിലുണ്ട്.

ആരോഗ്യ വകുപ്പ് അഡീഷണൽ‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടർ‍, ആരോഗ്യ വകുപ്പ് ഡയറക്ടർ‍, മെഡിക്കൽ‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ‍, അഡീഷണൽ‍ ഡയറക്ടർ‍, നിപ ഏകാരോഗ്യ കേന്ദ്രം നോഡൽ‍ ഓഫീസർ‍, സ്റ്റേറ്റ് മെഡിക്കൽ‍ ബോർ‍ഡ് അംഗങ്ങൾ‍, ആരോഗ്യ രംഗത്തെ വിദഗ്ധ ഡോക്ടർ‍മാർ‍ എന്നിവർ‍ യോഗത്തിൽ‍ പങ്കെടുത്തു.

article-image

xcvcxv

You might also like

Most Viewed