കേരളത്തിൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി അദ്ദേഹം പറഞ്ഞു. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട്. ഇത് അപകടങ്ങൾക്കിടയാക്കുമെന്നും അദ്ദേഹം അറിയിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മഴ തുടരുന്ന സാഹചര്യത്തിൽ നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടേക്കാം. ഉയർന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തൊട്ടാകെ എട്ട് ക്യാമ്പുകളിലായി 223 പേരെ മാറ്റി താമസിപ്പിച്ചിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു.
asdf