പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രതിഷേധം വ്യാപകം


പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രതിഷേധം വ്യാപകം. പുഴയിൽ രാസമാലിന്യം കലരാൻ കാരണമായ കമ്പനികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകളും ജനപ്രതിനിധികളും കർഷകരും പ്രദേശവാസികളും രംഗത്തെത്തി. മത്സ്യക്ഷാമത്തിന് പിന്നാലെയുണ്ടായ മത്സ്യക്കുരുതി താങ്ങാനാകാത്തതാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്‍റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിലെ ബണ്ടിന് മുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് മാലിന്യം തള്ളിയതാണ് ബണ്ട് തുറന്നപ്പോൾ ജലത്തിൽ അതുകലരാനും മത്സ്യങ്ങൾ ചാകാനും ഇടയാക്കിയത്. രാസ−തുകൽ− എല്ലുപൊടി ഫാക്ടറികളിലെ അസംഖ്യം നിർഗമനക്കുഴലുകൾ പെരിയാറിലേക്ക് തുറന്നുവെച്ചിരിക്കുകയാണ്. ഇവ അടക്കാനോ പൊതുട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കാനോ മലിനീകരണ നിയന്ത്രണ ബോർഡോ സർക്കാറോ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരാപ്പുഴ ഭാഗത്തുള്ള മത്സ്യക്കർഷകർ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫിന്‍റെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓഫിസിലെത്തി പ്രതിഷേധിച്ചു. കൂടുമത്സ്യകൃഷിയിലെ ചത്ത മീനുകൾ ഓട്ടോയിൽ കയറ്റിവന്നായിരുന്നു പ്രതിഷേധം. മത്സ്യക്കുരുതി ആസൂത്രിതമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ പുരുഷൻ ഏലൂർ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്‍റ് സുജിത് സി. സുകുമാരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. തീരങ്ങളിൽ താമസിക്കുന്ന പലർക്കും ചത്ത മത്സ്യങ്ങളുടെ ദുർഗന്ധം ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതായി വരാപ്പുഴ പഞ്ചായത്ത് അംഗം ബെർലിൻ പാവനത്തറ പറഞ്ഞു. രാസമാലിന്യം ഒഴുക്കിയ കമ്പനികൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ  കലക്ടർക്ക് പരാതി നൽകി. കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകൾ ബുധനാഴ്ച മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിട്ടുണ്ട്.

അന്വേഷിക്കാൻ ഉത്തരവിട്ട് കലക്ടർ; ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുംകൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കലക്ടർ എൻ.എസ്.കെ. ഉമേഷ്‌ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി. വിശദമായി അന്വേഷിക്കാൻ ഫോർട്ട്കൊച്ചി സബ് കലക്ടറുടെ നേതൃത്വത്തിൽ  മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായം, ആരോഗ്യം, വാട്ടർ അതോറിറ്റി, ഫിഷറീസ്  വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റി ഒരാഴ്ചക്കകം കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും  മഴ മൂലം പാതാളം റെഗുലേറ്റർ ബ്രിഡ്ജിന്‍റെ  ഷട്ടറുകൾ തുറന്നതിനാൽ ഉപ്പുവെള്ളവുമായി ചേർന്ന് ജലത്തിൽ ഓക്സിജന്‍റെ അളവ്  കുറഞ്ഞ സാഹചര്യത്തിലാകാം  മത്സ്യങ്ങൾ ചത്തുപൊങ്ങിയത് എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പ്രാഥമിക നിഗമനം.  എന്നാൽ, പ്രദേശം വ്യവസായ മേഖലയായതിനാൽ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയതിന്‍റെ ഫലമായാണോ ഇത് സംഭവിച്ചതെന്ന് പരിശോധിക്കാനും ഉത്തരവാദികളായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കം നടപടി സ്വീകരിച്ച് റിപ്പോർട്ട് ചെയ്യാനുമാണ് മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്‍റൽ എൻജിനീയറോട് കലക്ടർ നിർദേശിച്ചിരിക്കുന്നത്.   സംഭവസ്ഥലത്തെ ജലത്തിന്‍റെയും ചത്തമത്സ്യങ്ങളുടെയും സാമ്പിൾ മലിനീകരണ നിയന്ത്രണ ബോർഡ്  ശേഖരിച്ചിട്ടുണ്ട്. ഇത് കുഫോസ് സെൻട്രൽ ലാബിലേക്ക് പരിശോധനക്ക് നൽകി. ഫലം ഒരാഴ്ചക്കുള്ളിൽ ലഭിച്ചേക്കും. മത്സ്യസമ്പത്തിന്‍റെ  നാശനഷ്ടം കണക്കാക്കി ഫിഷറീസ് ഡയറക്ടർക്ക് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും അടിയന്തര യോഗത്തിൽ കലക്ടർ നിർദേശം നൽകി.

article-image

ോേ്ംോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed