ജയറാം വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം
മാവേലിക്കര: ചിങ്ങോലി നെടിയാത്ത് പുത്തന്‍വീട്ടില്‍ ജയറാമിനെ (31) കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളെയും ജീവപര്യന്തം കഠിനതടവിനും ഓരോ ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി−3 ജഡ്ജി എസ്.എസ്. സീനയാണ് ശിക്ഷവിധിച്ചത്. ചിങ്ങോലി 11ആം വാര്‍ഡില്‍ തറവേലിക്കകത്ത് പടീറ്റതില്‍ ഹരികൃഷ്ണന്‍ (36), ചിങ്ങോലി ഏഴാം വാര്‍ഡില്‍ കലേഷ് ഭവനത്തില്‍ കലേഷ് (33) എന്നിവരാണ് പ്രതികള്‍. പിഴത്തുക കൊല്ലപ്പെട്ട ജയറാമിന്‍റെ അമ്മ വിലാസിനിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർ ഹാജരായി. പ്രതികൾ ഇന്ത്യൻ ശിക്ഷാനിയമം 302ആം വകുപ്പ് പ്രകാരം കുറ്റക്കാരാണെന്ന് കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ജയറാമിന്‍റെ സുഹൃത്തുക്കളാണ് പ്രതികൾ ഇരുവരും. 2020 ജൂലൈ 19ന് രാത്രി 7.30 ന് ചിങ്ങോലി പഴയ വില്ലേജ് ഓഫീസിന് വടക്കുള്ള ബേക്കറിക്കു മുന്നിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇവിടെ നില്‍ക്കുകയായിരുന്ന ജയറാമിനെ ഹരികൃഷ്ണന്‍ കത്തികൊണ്ട് ഇടതു തുടയില്‍ കുത്തുകയായിരുന്നു. രണ്ടാം പ്രതി കലേഷ് കൊലപ്പെടുത്താന്‍ സഹായിച്ചെന്നാണ് കേസ്. ജയറാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരീലക്കുളങ്ങര സിഐ ആയിരുന്ന എസ്.എല്‍. അനില്‍കുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ഒളിവില്‍പോയ പ്രതികളെ പത്തനംതിട്ടയിലെ ബന്ധുവീടിനു സമീപത്തുനിന്നു പിടികൂടി. കത്തി ഉപേക്ഷിച്ചത് നങ്ങ്യാര്‍കുളങ്ങരക്ക് സമീപം ഫുട്പാത്തിലാണ്. ഓലയിട്ട് കത്തി മറച്ചു. ബൈക്ക് പത്തനംതിട്ടയിലെ ഒരു വീട്ടില്‍ ഒളിപ്പിച്ചു. പത്തനംതിട്ടയില്‍ മൊബൈല്‍ വിറ്റു. ബൈക്കും ഫോണും കത്തിയും പോലീസ് പിന്നീട് കണ്ടെടുത്തു. കുറ്റക്കാരെന്നു കണ്ടെത്തിയശേഷം ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നുമില്ലെന്ന നിഷേധരൂപത്തിലുള്ള മറുപടിയാണ് പ്രതികള്‍ നല്‍കിയത്.
ജയറാമിന്‍റെ അമ്മ വിലാസിനിയും സഹോദരന്‍ ജയമോനും വിധി കേള്‍ക്കാനായി കോടതിയില്‍ വന്നിരുന്നു. 39 സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഹരികൃഷ്ണന്‍റെ ഭാര്യയും പ്രോസിക്യൂഷനുവേണ്ടി സാക്ഷിയായി. 64 രേഖകളും 14 തൊണ്ടി മുതലുകളും ഹാജരാക്കി. ജോലിക്ക് വിളിക്കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ജയറാമിന്‍റെ കൊലയിലേക്ക് നയിച്ചത്. പ്രതികളും ജയറാമും സുഹൃത്തുക്കളും നിര്‍മാണ തൊഴിലാളികളാണ്. ഇവരുടെ സുഹൃത്തായ ബിജു, ജയറാമിനെ വിളിക്കാതെ പ്രതികളെ പണിക്കു വിളിച്ചതില്‍ പ്രതിഷേധിച്ച് സംഭവത്തിന്‍റെ തലേന്നു ജയറാമും ബിജുവുമായി വാക്കേറ്റമുണ്ടായി. ഇതു ചോദിക്കാനാണ് കത്തിയുമായി പള്‍സര്‍ ബൈക്കില്‍ പ്രതികള്‍ ജയറാമിനെ തേടിയെത്തിയത്. ബൈക്ക് ഓടിച്ച ഹരികൃഷ്ണനാണ് ജയറാമിനെ കുത്തിയത്. പിന്നിലിരുന്ന കലേഷ് ഹരികൃഷ്ണനോട് അവനെ കൊല്ലെടാ എന്നു വിളിച്ചു പറഞ്ഞു. റോഡിലക്കിറങ്ങിച്ചെന്ന ജയറാമിന്‍റെ ഇടതുകാലിന്‍റെ മുട്ടിനു മുകളില്‍ തുടയുടെ ഇടതുഭാഗത്താണ് കുത്തേറ്റത്. ഇടതുകാല്‍ തുളച്ച കത്തി വലതുകാലില്‍ കുത്തിക്കയറി. രക്തം വാര്‍ന്ന നിലയില്‍ പഞ്ചായത്തംഗത്തിന്‍റെ ഓട്ടോയില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ോേ്ോേ്