തെറ്റ് തന്റേതെന്ന് സമ്മതിച്ച് ഡോക്ടർ; മെഡി. കോളേജ് സൂപ്രണ്ടിനെ രേഖാമൂലം അറിയിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ മാറിയത് തൻ്റെ പിഴവുകൊണ്ട് സംഭവിച്ചതെന്ന് സമ്മതിച്ച് ഡോക്ടർ. ഇക്കാര്യം വ്യക്തമാക്കി സൂപ്രണ്ടിന് ഡോക്ടർ നോട്ട് എഴുതി. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ഡോക്ടർ സൂപ്രണ്ടിന് എഴുതി നൽകി. നാല് വയസ്സുകാരിയുടെ ആറാം വിരൽ മുറിച്ചുമാറ്റുന്നതിന് നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയയ്ക്ക് പകരം കുഞ്ഞിന്റെ നാക്കിനാണ് ശസ്ത്രക്രിയ നടത്തിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. ഡോക്ടറെ സസ്പെൻഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുട്ടിക്ക് ഭാവിയിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കുഞ്ഞിന്റെ കൈയിലെ ആറാം വിരൽ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടർ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരൽ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.
dffddfsdfs