വീണ്ടും റിവ്യു ബോംബിങ്; യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ നിർമാതാവ് സിയാദ് കോക്കർ
മലയാള സിനിമയിൽ വീണ്ടും റിവ്യു ബോംബിങ് പരാതി. നിർമാതാവ് സിയാദ് കോക്കറാണ് അശ്വന്ത് കോക്ക് എന്ന യുട്യൂബർക്കെതിരെ കൊച്ചി സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമ റിലീസായ ഉടൻ റിവ്യൂ ബോംബിങ് നടത്തിയെന്നാണ് പരാതി.
പ്രതിസന്ധിഘട്ടത്തെ അതിജീവിച്ച് മലയാള സിനിമ മികവാർന്ന കാലത്തിലൂടെ മുന്നേറുമ്പോഴാണ് വീണ്ടും റിവ്യൂ ബോംബിങ് പരാതി ഉയരുന്നത്. താൻ നിർമ്മിച്ച മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമ റിലീസ് ആയതിന്റെ തൊട്ടടുത്ത ദിവസം ഉള്ളടക്കം മനസ്സിലാകുന്ന രീതിയിൽ റിവ്യൂ ബോംബിങ് നടത്തിയെന്നാണ് പരാതി. ഹൈക്കോടതി അടക്കം ഇടപെട്ടിട്ടും ചില നിക്ഷിപ്ത താല്പര്യക്കാർ മലയാള സിനിമയെ നശിപ്പിക്കുന്നതിനായി ബോധപൂർവ്വം ഇറങ്ങിയിരിക്കുന്നു എന്നും പരാതിയിൽ പറയുന്നു.
പൊലീസിന്റെ ഭാഗത്തുനിന്ന് നിയമസഹായം ലഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയെ സമീപിക്കാനാണ് നിർമാതാവിന്റെ തീരുമാനം. പരാതി നൽകിയതോടെ സിനിമയുമായി ബന്ധപ്പെട്ട വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും യഥാർത്ഥ വസ്തുതകൾ ഉൾപ്പെടുത്തി യൂട്യൂബിൽ തന്നെ വീഡിയോ പോസ്റ്റ് ചെയ്യണമെന്നും അതുവരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും നിർമ്മാതാവ് നിലപാടെടുത്തു. നേരത്തെ റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസുകൾ എടുക്കുകയും നവമാധ്യമങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അവസാനിച്ച പ്രശ്നങ്ങളാണ് വീണ്ടും ഉയർന്നു വരുന്നത്.
asasasasasas