വീടാക്രമണത്തിന് പിന്നിൽ സി.പി.എം; പി. മോഹനന്‍റേത് ആക്രമണ ആഹ്വാനമെന്നും ഹരിഹരൻ


വീടിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന് ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ. സി.പി.എമ്മിന്‍റെ പരിശീലനം ലഭിച്ച മലപ്പുറം ജില്ലക്ക് പുറത്തു നിന്നുള്ളവരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വടകര രജിസ്ട്രേഷനുള്ള ചുവപ്പ് കാറിൽ അഞ്ചംഗ സംഘമെത്തി അസഭ്യം പറഞ്ഞിരുന്നു. ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ കാറോടിച്ച് പോയി. കൊലവിളി മുദ്രാവാക്യം വിളിച്ച് ഒരു സംഘം വൈകിട്ട് പ്രകടനം നടത്തിയിരുന്നു. അക്രമികൾ ഇനിയും വരാൻ സാധ്യതയുണ്ട്. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ ആക്രമണത്തിനുള്ള ആഹ്വാനമാണ് നടത്തിയതെന്നും ഹരിഹരൻ വ്യക്തമാക്കി. സ്ത്രീകളോട് തുല്യതയോടെ പെരുമാറേണ്ട ഒരു സമൂഹത്തിൽ പുരുഷാധിപത്യപരമായ നിലപാട് സ്വീകരിക്കുമ്പോൾ അത് ശരിയായ രാഷ്ട്രീയമല്ലെന്ന തിരിച്ചറിവിലാണ് താൻ തിരുത്തൽ നടത്തിയത്. നമ്മുടെ ഉള്ളിൽ ഒരുപാട് ഫ്യൂഡൽ ഘടകങ്ങൾ കിടക്കുന്നുണ്ട്. അത് എത്ര മാറ്റാൻ ശ്രമിച്ചാലും അബോധമായി പുറത്തു വരും. ഇത് പൊതുപ്രസംഗത്തിൽ പ്ലാൻ ചെയ്ത് പറയുന്നതല്ലെന്നും ഹരിഹരൻ ചൂണ്ടിക്കാട്ടി.

മുമ്പ് തെറ്റായ പരാമർശം നടത്തിയിട്ടുള്ള ഒരു സി.പി.എം നേതാവ് പോലും ഖേദം പ്രകടിപ്പിച്ചിട്ടില്ല. എന്‍റെ രാഷ്ട്രീയത്തിന് പിഴവ് വന്നതിലാണ് താൻ ഖേദപ്രകടനം നടത്തിയത്. ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ അടക്കമുള്ളവർക്ക് ഇത്തരം തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അതു കൊണ്ട് തന്‍റെ തെറ്റിനെ ന്യായീകരിക്കാൻ സാധിക്കില്ല. നായനാരും വി.എസും അടക്കമുള്ളവർ തിരുത്തിയിട്ടില്ലെന്നും താൻ തിരുത്തിയെന്നും കെ.എസ്. ഹരിഹരൻ ചൂണ്ടിക്കാട്ടി.

കെ.കെ. ശൈലജക്കെതിരെ അധിക്ഷേപ പരാമർശം നടത്തി വിവാദത്തിലായ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്‍റെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി ആക്രമണം നടന്നത്.

article-image

acsxacsadsadscf

You might also like

Most Viewed