മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് മരണം
മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഇന്ന് രണ്ട് പേർ മരിച്ചു. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീർ, മലപ്പുറം കാളികാവ് സദേശി ജിഗിൻ എന്നിവരാണ് മരിച്ചു. 14കാരനായ ജിഗിൻ ഭിന്നശേഷിക്കാരനാണ്. ഇരുവരും മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ എട്ട് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്. ജില്ലയിൽ ഈ വർഷം ജനുവരി മുതൽ 3184 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും 1032 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംശാസ്പദമായ അഞ്ച് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂർ, പൂക്കോട്ടൂർ, മൊറയൂർ, പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലും ആണ്.
വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കരളിന്‍റെ പ്രവർത്തനത്തിനെ ബാധിച്ച് മരണം വരെ സംഭവിക്കാം. അതിനാൽ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികൾ തേടണം. പ്രതിരോധ മാർഗങ്ങൾതുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക. കൈകൾ ആഹാരത്തിനു മുമ്പും ടോയ്‌ലെറ്റിൽ പോയതിന് ശേഷവും സോപ്പുപയോഗിച്ച് കഴുകുക. കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.
sdfdfdsf