കണ്ണൂർ പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ; വിധി തിങ്കളാഴ്ച


കണ്ണൂർ പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. കേസിൽ‍ തിങ്കളാഴ്ച വിധി പറയും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ശിക്ഷാവിധിയിൽ ഇരു ഭാഗങ്ങളുടെയും വാദം കേട്ട കോടതി വിധി പ്രസ്താവിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അപൂർവങ്ങളിൽ അപൂർവ്വമായ കേസ് എന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സ്നേഹിക്കാനും സ്നേഹം നിരസിക്കാനുമുള്ള പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്നതാവണം വിധിയെന്ന് പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു. പ്രണയപ്പകയെ തുടർന്ന് 22കാരിയായ വിഷ്ണു പ്രിയയെ മുൻ സുഹൃത്ത് മാനന്തേരി സ്വദേശി ശ്യാംജിത്ത് വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. 2023 സെപ്റ്റംബർ 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. വിഷ്ണുപ്രിയക്ക് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന്റെ പ്രധാന കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർ‍ട്ട്. കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. കൈയിലും കാലിലും മാറിലും ആഴമേറിയ മുറിവുകളുണ്ട്. തലയ്ക്ക് പിന്നിൽ ചുറ്റിക കൊണ്ട് ശക്തമായ അടിയേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.  

പ്രണയം തകർന്നതു മുതൽ പക കൊണ്ടുനടന്ന ശ്യാംജിത് വീട്ടിൽ ആരുമില്ലാതിരുന്ന സമയം മനസിലാക്കി ബൈക്കിലെത്തിയാണ് കൃത്യം നടത്തിയത്. ആദ്യം വിഷ്ണു പ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. ശേഷം കഴുത്തറുക്കുകയും മറ്റു ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയുമായിരുന്നു. സ്വന്തമായി നിർമിച്ച ഇരുതല മൂർച്ചയുള്ള കത്തിയാണ് പ്രതി കൊല ചെയ്യൻ ഉപയോഗിച്ചത്. ഗൂഗിളിൽ സെർച്ച് ചെയ്താണ് കൊല ആസൂത്രണം ചെയ്തത്. സംഭവത്തിൽ‍ പ്രതിയെ പിടികൂടാന്‍ ഏറെ നിർ‍ണായകമായത് വിഷ്ണുപ്രിയയുടെ സുഹൃത്തിന്റെ മൊഴികളായിരുന്നു. കൊലയ്ക്കു ശേഷം ബൈക്കിൽ കയറി രക്ഷപെട്ട പ്രതിയെ പിടികൂടാനായി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുകയും നാട്ടുകാരോട് വിവരം തേടുകയും ചെയ്യുന്നതിനിടെയാണ് ഈ മൊഴി ലഭിക്കുന്നത്.വിഷ്ണു പ്രിയ സുഹൃത്തുമായി വാട്ട്സ്ആപ്പ് വീഡിയോ കോളിൽ സംസാരിക്കുമ്പോഴാണ് കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു. പ്രതിയുടെ പേരും വിഷ്ണുപ്രിയ സുഹൃത്തിനോട് ഉച്ചത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യമാണ് സുഹൃത്ത് പൊലീസിനെ അറിയിച്ചത്. ഇയാളുടെ ചിത്രം സുഹൃത്ത് സ്ക്രീൻ റെക്കോർഡ് ചെയ്തിരുന്നു. ഇതും പൊലീസിന് നൽകിയിരുന്നു.പ്രണയത്തിലായിരുന്ന വിഷ്ണുപ്രിയയും മുൻ കാമുകനായ ശ്യാംജിതും ഇടക്കാലത്ത് പിണങ്ങിയിരുന്നു. തുടർന്ന്, ഇനി ഈ ബന്ധം തുടരാന്‍ താൽ‍പര്യമില്ലെന്ന് വിഷ്ണുപ്രിയ അറിയിച്ചു. ഇതോടെ ശ്യാംജിത്തിന് പെണ്‍കുട്ടിയോട് കടുത്ത പകയുണ്ടാവുകയും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതും. സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ ഇയാളെ പിടികൂടിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.

article-image

്േിേ്

You might also like

Most Viewed