ഹൈകമാൻഡ് അനുമതി; കെ. സുധാകരൻ വീണ്ടും അധ്യക്ഷ പദവിയിലേക്ക്; നാളെ ചുമതലയേൽക്കും
ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ സാഹചര്യത്തിൽ അവധിയിലായിരുന്ന കെ. സുധാകരൻ വീണ്ടും കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക്. കെ.പി.സി.സി അധ്യക്ഷനായി നാളെ സുധാകരൻ ചുമതലയേൽക്കും. കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് സുധാകരനെ മാറ്റുന്നുവെന്ന അഭ്യൂഹത്തിന്‍റെ പശ്ചാത്തലത്തിലാണ് നാളെ ചുമതലയേൽക്കാൻ കോൺഗ്രസ് ഹൈകമാൻഡ് അനുമതി നൽകിയത്. അഭ്യൂഹങ്ങൾ പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്ന് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഏത് സമയത്തും കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുക്കാൻ തയാറാണെന്ന് ഇന്ന് മാധ്യമങ്ങളെ കണ്ട കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു. തന്‍റെ പദവി ആർക്കും എടുക്കാൻ സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂരിൽ മത്സരിക്കുന്നതിനായാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനം കെ. സുധാകരൻ താൽക്കാലികമായി എം.എം ഹസന് കൈമാറിയത്. ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ അധ്യക്ഷ സ്ഥാനം സുധാകരന് തിരികെ നൽകിയിരുന്നില്ല. ശനിയാഴ്ച ചേർന്ന നേതൃയോഗത്തിൽ സുധാകരന് ചുമതല തിരിച്ചു നൽകാനുള്ള തീരുമാനം ഉണ്ടാകേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, തൽക്കാലം തുടരാൻ ഹസനോട് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നിർദേശിക്കുകയും ചെയ്തു. ഇതിൽ കടുത്ത അതൃപ്തിയിലായ കെ. സുധാകരൻ കെ.പി.സി.സി യോഗത്തിൽ അതു പ്രകടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ കനത്തതിരിച്ചടിക്ക് പിന്നാലെയാണ് കെ. സുധാകരൻ കെ.പി.സി.സിയുടെ അമരത്ത് എത്തിയത്. നന്നായി തുടങ്ങിയ കെ. സുധാകരന് പ്രവർത്തകരിൽ ഉണർത്തിയ ആവേശം പക്ഷേ, നിലനിർത്താനായില്ല. മോൺസൺ മാവുങ്കൽ കേസ് ഉൾപ്പെടെ വിവാദങ്ങൾ പലപ്പോഴും പാർട്ടിക്ക് തലവേദനയായി. ആർ.എസ്.എസ് ശാഖക്ക് കാവൽനിന്നുവെന്ന പരാമർശം യു.ഡി.എഫ് ഘടകകക്ഷികളെ പോലും ചൊടിപ്പിച്ചു. നെഹ്റുവിരുദ്ധ പരാമർശം ഹൈകമാൻഡിന്‍റെ അതൃപ്തിക്കും കാരണമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കെ. സുധാകരൻ നല്ല ബന്ധത്തിൽ അല്ലെന്നത് സമരാഗ്നി യാത്രക്കിടെ പരസ്യമാവുകയും ചെയ്തു. സുധാകരന്‍റെ ആരോഗ്യപ്രശ്നങ്ങൾ കൂടി ഉയർത്തിക്കാട്ടി ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റത്തിനുള്ള നീക്കത്തിന് പാർട്ടിയിൽ ഒരു വിഭാഗം തുടക്കമിട്ടിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അധ്യക്ഷനെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്നതിനാലാണ് അതു ഫലം കാണാതെ പോയത്. മത്സരിക്കാനായി മാറിനിന്ന സാഹചര്യം മുതലെടുത്ത് കെ. സുധാകരനെ നീക്കാനാണ് എതിർവിഭാഗം ചരടുവലിച്ചത്. അതുകൊണ്ടുതന്നെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് ഫലം കെ. സുധാകരന് നിർണായകമാണ്. കണ്ണൂരിൽ ജയിക്കാനും19 സീറ്റ് നേട്ടം ആവർത്തിക്കാനുമായില്ലെങ്കിൽ സുധാകരനെതിരായ നീക്കം ശക്തിയാർജിക്കും.
adsadsds