മോഷണക്കുറ്റം ആരോപിക്കപ്പെട്ട വീട്ടുജോലിക്കാരിയുടെ ആത്മഹത്യ ശ്രമം; നിർമാതാവിനെതിരെ കേസ്
സൂര്യ നായകനാകുന്ന 'കങ്കുവ' എന്ന ചിത്രത്തിന്റെ നിർമാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ പരാതി. കഴിഞ്ഞ ദിവസം മോഷണ ആരോപണത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ചെയ്യാത്ത കുറ്റം ആരോപിച്ച് ജ്ഞാനവേല്‍ നൽകിയ പരാതിയിൽ മനം നൊന്താണ് ജോലിക്കാരി ലക്ഷ്മി ആത്മത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് ഇവരുടെ മകളാണ് നിർമാതാവിനെതിരെ പൊലീസിൽ പരാതി നൽകിയത്.
ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ച് ഭാര്യ നേഹയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് ജ്ഞാനവേല്‍ ജോലിക്കാരിയായ ലക്ഷ്മിക്കെതിരെ പൊലീസിൽ പരാതി നല്‍കിയിരുന്നു. ആഭരണം മോഷ്ടിച്ചിട്ടില്ലെന്ന് ഇവർ വ്യക്തമാക്കിയെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജാകാന്‍ പൊലീസ് ലക്ഷ്മിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് ആരോപണങ്ങളില്‍ മനംനൊന്ത ലക്ഷ്മി അരളി കുരു കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. നിലവില്‍ ചെന്നൈ റായപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ലക്ഷ്മി.
ജ്ഞാനവേൽ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 300 കോടിയിലാണ് ചിത്രം ഒരുങ്ങുന്നത്. ഗ്രീന്‍സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. നടന്‍ സൂര്യയുടെ ബന്ധുകൂടിയാണ് കെ ഇ ജ്ഞാനവേല്‍.
asasas