ജാവദേക്കര്‍-ജയരാജന്‍ കൂടിക്കാഴ്ചയില്‍ പാര്‍ട്ടിക്ക് അതൃപ്തി
ജാവദേക്കര്‍ - ഇ പി ജയരാജന്‍ കൂടിക്കാഴ്ച്ചയില്‍ പാര്‍ട്ടിക്ക് അതൃപ്തി. ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ജയരാജന്റെ വെളിപ്പെടുത്തല്‍ അനവസരത്തിലാണെന്ന നിഗമനത്തിലാണ് പാര്‍ട്ടി. വിഷയം വിശദമായി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ഒരുങ്ങുന്നു. സംഭവത്തില്‍ തിങ്കളാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദമായ ചര്‍ച്ച നടക്കും. ജയരാജന്റെ കൂടിക്കാഴ്ച്ച പാര്‍ട്ടിയെ അറിയിക്കാത്തത് ഗൗരവതരമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കൂടാതെ ജയരാജന്റെ - ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിലും നേതൃത്വത്തില്‍ അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പ് അവലോകനത്തിനാണ് തിങ്കളാഴ്ച്ച സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ജാവദേക്കര്‍ കൂടിക്കാഴ്ചയും ജയരാജന്റെ പോളിങ് ദിനത്തിലെ പ്രതികരണവും യോഗത്തില്‍ ചര്‍ച്ചയാകും. എല്‍ഡിഎഫ് കണ്‍വീനറെ സിപിഐഎം പോളിറ്റ് ബ്യേൂറോ അംഗമായ മുഖ്യമന്ത്രി പോളിങ് ദിനത്തില്‍ തന്നെ തള്ളിപ്പറഞ്ഞത് മുന്നണിക്കുള്ളില്‍ ഞെട്ടലുളവാക്കിയിരുന്നു. 'പാപിയുടെ കൂടെ കൂടിയാല്‍ ശിവനും പാപിയാകും' എന്നായിരുന്നു പിണറായിയുടെ പ്രസ്താവന. കൂടാതെ കൂട്ടുകെട്ടില്‍ ജയരാജന്‍ ജാഗ്രത പുലര്‍ത്തണമെന്നും പിണറായി മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പരസ്യമായി തള്ളിപ്പറഞ്ഞതോടെ ജയരജാന്റെ മുന്നണി കണ്‍വീനര്‍ സ്ഥാനം ഇനി തുടരുമോ എന്ന കാര്യത്തിലും സംശയമാണ്. ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന ജയരാജന്റെ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് ദിവസം സിപിഐഎമ്മിനെ വന്‍ പ്രതിരോധത്തിലാക്കിയിരുന്നു. പിന്നാലെ ഇതില്‍ നടപടി വേണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമായി ഉയര്‍ന്നെന്നാണ് ലഭിക്കുന്ന സൂചന. പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയറായ എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായ ശേഷം ജയരാജന്‍ പലതവണ നേതൃത്വവുമായി പിണങ്ങിയിരുന്നു. എങ്കിലും ഈ അവസരങ്ങളിലൊന്നും നേതാക്കളാരും പരസ്യമായി അഭിപ്രായം പറഞ്ഞിരുന്നില്ല.
ജയരാജന്‍ വിവിധ ഘട്ടങ്ങളില്‍ വിവാദങ്ങളില്‍പെട്ടപ്പോഴും മറ്റ് നേതാക്കള്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍, തിരഞ്ഞെടുപ്പു ദിവസമാണെന്നതു കണക്കിലെടുക്കാതെ മുഖ്യമന്ത്രിയും ഗോവിന്ദനും ഇന്നലെ ജയരാജനെതിരെ പ്രതികരിച്ചു. എല്ലാം ജയരാജന്റെ ഭാഗത്തു നിന്നുള്ള വീഴ്ച്ചയാണെന്നാണ് എം വി ഗോവിന്ദനും പിണറായിയും പ്രതികരിച്ചത്. അതിനാല്‍ തിങ്കളാഴ്ച നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറെന്ന നിലയില്‍ തുടരാന്‍ അര്‍ഹനാണോ എന്ന ചോദ്യമുയരും എന്ന കാര്യത്തില്‍ സംശയമില്ല.
DSadsdsdewdew