തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം
കണ്ടും കേട്ടും മതിവരാത്ത പൂരക്കാഴ്ചകൾക്ക് ശനിയാഴ്ച കൊടിയേറ്റം. ഒരാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിൽ ജനലക്ഷങ്ങൾക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കുന്ന തൃശൂർ പൂരം വീണ്ടും. നാളേക്ക് ഏഴാം പക്കം വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. ശനിയാഴ്ച പൂരം കൊടിയേറുന്നതോടെ തൃശൂർ നഗരം പൂരലഹരിയിലാകും. പിന്നെ കാണുന്നതും കേൾക്കുന്നതും പറയുന്നതുമെല്ലാം പൂര വിശേഷങ്ങൾ മാത്രം. പൂരത്തിന്‍റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ചെറുപൂരങ്ങളെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളിലും പൂരം കൊടിയേറ്റത്തിന്‍റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. തിരുവമ്പാടി ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ 11 നാണ് കൊടിയേറ്റം. പാരമ്പര്യ അവകാശികളായ താഴത്തുപുരക്കൽ സുന്ദരൻ, സുഷിത് എന്നിവർ ഭൂമിപൂജ നടത്തിയ ശേഷം ശ്രീകോവിലിൽ നിന്നും പൂജിച്ച കൊടിക്കൂറ എടുത്തുകൊണ്ടുവന്ന് കൊടിമരത്തിൽ കെട്ടി ദേശക്കാരും ക്ഷേത്രം ഭാരവാഹികളുമെല്ലാം ചേർന്ന് കൊടിമരം ഉയർത്തുന്നതോടെ തിരുവമ്പാടിയിൽ പൂരം കൊടിയേറും.
പാറമേക്കാവ് ക്ഷേത്രത്തിൽ ഇത്തവണ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് പൂരം കൊടിയേറ്റം.
വലിയ പാണിക്കു ശേഷം പുറത്തേക്കെഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷി നിർത്തി ദേശക്കാർ കൊടി ഉയർത്തും. ചെന്പിൽ കുട്ടനാശാരി നിർമിച്ച കവുങ്ങിൻ കൊടിമരത്തിൽ ആൽ, മാവ് എന്നിവയുടെ ഇലകളും ദർഭപ്പുല്ലും കൊണ്ട് അലങ്കരിക്കും. ക്ഷേത്രത്തിൽ നിന്നും നൽകുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടി ഉയർത്തുക. 17ന് വൈകിട്ട് ഏഴിനാണ് സാമ്പിൾ വെടിക്കെട്ട്. 18ന് രാവിലെ 10ന് തെക്കേനട തുറന്ന് പൂരവിളംബരം നടത്തും. അന്നു രാവിലെ 10ന് ആനച്ചമയ പ്രദർശനവും തുടങ്ങും. 19−നാണ് തൃശൂർ പൂരം.
sdfgds