ഇത് ലോക്സഭയിലേക്കുള്ള തന്‍റെ അവസാനത്തെ മത്സരം; ശശി തരൂർ
ഇത് ലോക്സഭയിലേക്കുള്ള തന്‍റെ അവസാനത്തെ മത്സരമാണെന്ന് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാർഥി ശശി തരൂർ. എന്നാൽ രാഷ്‌ട്രീയം താൻ നിർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത അഞ്ച് വർഷക്കാലത്തിനിടെ പല സുപ്രധാന വിഷയങ്ങളും ലോക്സഭയിൽ ചർച്ചയ്ക്ക് വരും. അതിലെല്ലാം പങ്കെടുക്കണമെന്നും തന്‍റെ നിലപാട് വ്യക്തമാക്കണമെന്നുമാണ് ആഗ്രഹമെന്നും ചാനലിനു നൽകിയ അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞു. ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരേ താൻ ആരോപണം ഉന്നയിച്ചിട്ടില്ല. കേട്ട കാര്യങ്ങൾ പറയുക മാത്രമാണ് ചെയ്തത്. കേരളത്തിൽ മത്സരം എൽഡിഎഫ് − യുഡിഎഫും തമ്മിലാണ്. ക്രൈസ്തവ വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. മണിപ്പുർ വിഷയങ്ങളിൽ ക്രൈസ്തവ സമൂഹം അസ്വസ്ഥരാണെന്നും തരൂർ പറഞ്ഞു.
തന്‍റെ അഭിപ്രായങ്ങൾ മറ്റുള്ളവർ തെറ്റായ വിധത്തിൽ വ്യാഖ്യാനിക്കുന്നുണ്ട്. അതാണ് വിവാദങ്ങൾ ഉണ്ടാകാൻ കാരണം. താൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനിൽ ആന്‍റണിയെന്നും അനിൽ തീവ്ര ബിജെപി നയങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ദുഃഖമുണ്ടെന്നും തരൂർ പറഞ്ഞു. പത്തനംതിട്ടയിലെ തോൽവി അനിലിനെ പല പാഠങ്ങളും പഠിപ്പിക്കും. അനിൽ ആന്‍റണി പിതാവ് എ.കെ.ആന്‍റണിയോട് മര്യാദയും സ്നേഹവും കാണിക്കണമെന്നും പിതാവിന്‍റെ ദുഃഖം അനിൽ മനസിലാക്കണമെന്നും ശശി തരൂർ പ്രതികരിച്ചു.
dsfsfd