അബ്ദുറഹീമിന് ഇനി വേണ്ടത് ഏഴുകോടി ; ഒത്തൊരുമിച്ച് ലോകമെമ്പാടുമുള്ള മലയാളികൾ
സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രമം തുടരുന്നു. മൂന്ന് ദിവസം കൊണ്ട് ഇനി സ്വരൂപിക്കേണ്ടത് ഏഴു കോടി രൂപ കൂടിയാണ്. ഇതിനോടകം 27 കോടി രൂപ ലഭിച്ചുകഴിഞ്ഞു. അബ്ദുറഹീമിന്റെ മോചനത്തിനായി പണം സ്വരൂപിക്കുന്നതിനായി സേവ് അബ്ദുറഹീം എന്ന ഒരു ആപ്പും രൂപീകരിച്ചിട്ടുണ്ട്. ഈ ആപ്പിലൂടെയും അബ്ദുറഹീമിന്റെ മോചനത്തിനായി പണം സംഭാവന നൽകാൻ കഴിയും.
കേസിൽ കഴിഞ്ഞ 16 വർഷമായി റിയാദ് ജയിലിൽ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുറഹീം. 2006 നവംബറിൽ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനിൽ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്‌നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.
ഇതോടെ അബ്ദുറഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. പിടിച്ചുപറിക്കാർ റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയിൽ ഇരുവരും ചേർന്ന് ഒരു കള്ളക്കഥയുണ്ടാക്കി. റഹീമിനെ സീറ്റിൽ കെട്ടിയിട്ടു പോലീസിനെ വിവരം അറിയിച്ചു. എന്നാൽ പോലീസ് എത്തി ചോദ്യം ചെയ്തതോടെ കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 10 വർഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു.
റഹീം വധ ശിക്ഷയും കാത്ത് അൽഹായിർ ജയിലിൽ തുടരുകയാണ്. റഹീമിന് നിയമ സഹായം നൽകുന്നതിനായി റിയാദിലെ സാമൂഹിക സംഘടനാ പ്രതിനിധികൾ അടങ്ങുന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. സൗദി രാജാവിന് ദയാ ഹർജിയും നൽകിയിട്ടുണ്ട്. ദിയാപണമായ 33 കോടി രൂപ കണ്ടെത്താൻ സഹായിക്കണമെന്ന് റഹീമിന്റെ കുടുംബം ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബവുമായി ഒത്തുതീർപ്പ് ചർച്ച നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ എംബസി.
asasadsdsfds