പാനൂർ സ്ഫോടന കേസ്; അറസ്റ്റിലായവരില്‍ ഭാരവാഹികൾ ഉണ്ടെന്ന് സമ്മതിച്ച് ഡിവൈഎഫ്ഐ
പാനൂർ സ്ഫോടന കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികൾ ഉണ്ടെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തെറ്റുകാരെന്ന് തെളിഞ്ഞാൽ ഇവരെ ഡിവൈഎഫ്ഐ സംരക്ഷിക്കില്ല. സംഘടനാ തലത്തിൽ പരിശോധന നടത്തുമെന്നും സനോജ് അറിയിച്ചു.
സ്ഫോടനത്തിൽ ഡിവൈഎഫ്ഐയ്ക്ക് പങ്കില്ല. ഡിവൈഎഫ്ഐ നേതാക്കൾ സംഭവം അറിഞ്ഞ് അവിടെ ഓടിയെത്തിയവരാണ്. ഏതെങ്കിലും ഡിവൈഎഫ്ഐ നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്നും സനോജ് പറഞ്ഞു. സംഭവം നടന്നതറിഞ്ഞ് പ്രദേശത്ത് ഓടിയെത്തിയ നേതാക്കൾക്കെതിരെയാണ് കേസെടുത്തത്. എന്താണ് സംഭവിച്ചതെന്ന് അറിയാൻ വന്നവരായിരുന്നു അവർ. ഡിവൈഎഫ്ഐ നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ ആരേയും സംരക്ഷിക്കില്ല.
പാനൂരില്‍ ബോംബ് ഉണ്ടാക്കിയത് സിപിഐഎമ്മുകാരാണെന്നാണ് കോൺഗ്രസും ബിജെപിയും ഒരേപോലെ ആരോപിക്കുന്നത്. ബോംബ് പൊട്ടി പരിക്കേറ്റത് സിപിഐഎമ്മുകാര്‍ക്കാണ്. മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് സിപിഐഎമ്മുകാരാണ്. എന്നിട്ട് എങ്ങനെ ഒഴിഞ്ഞുമാറാന്‍ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. ആഭ്യന്തരമന്ത്രിക്കസേരയില്‍ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ഇത്തരം വൃത്തികേടുകളെ പ്രോത്സാഹിപ്പിക്കുകയും കുടപിടിച്ചു കൊടുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
CDSVCSCXCXXCV