കണ്ണൂർ ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ അറസ്റ്റിൽ
കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. മുളിയാത്തോട് സ്വദേശികളായ അതുൽ വായക്കാന്റ വിട (29), അരുൺ ഉറവുള്ള കണ്ടിയിൽ (30), ഷബിൻ ലാൽ അടുപ്പു കൂട്ടിയ പറമ്പത്ത് (27) എന്നിവരെയാണ് പാനൂർ സി.ഐ. പ്രേംസദൻ അറസ്റ്റ് ചെയ്തത്. എല്ലാവരും സി.പി.എമ്മുകാരാണെന്ന് നാട്ടുകാർ പറഞ്ഞു. ബോംബ് നിർമാണ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരാണ് ഇവർ. ബോംബ് സഫോടന സമയത്ത് പ്രദേശത്തുണ്ടായിരുന്ന മുഴുവൻ പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പ്രദേശത്ത് ഇന്നും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ബോംബ് നിർമാണം നടന്ന മുളിയാത്തോട് മാവുള്ള ചാലിൽ വീടിനു സമീപത്താണ് പരിശോധന നടക്കുന്നത്. സമീപത്തുനിന്ന് ഇന്നലെ ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തിയിരുന്നു. ഗുരുതര പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുളിയാത്തോട് വലിയപറമ്പത്ത് വിനീഷിന്റെ (39) നിലയിൽ മാറ്റമില്ല.
പരിക്കേറ്റ് തലശ്ലേരിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന വിനോദിനെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൊത്തം നാലു പേരാണ് പരിക്കേറ്റ് തലശ്ശേരിയിലെയും കോഴിക്കോട്ടെയും ആശുപത്രിയിലുള്ളത്. അതേസമയം, സംഭവത്തിന് ശേഷം വടകരയിൽ നിന്ന് ട്രെയിൻ കയറി രക്ഷപ്പെട്ട പാലക്കാട് നിന്ന് കൈവേലിക്കര സ്വദേശി സായൂജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടന്നുകളഞ്ഞ സായൂജിന്‍റെ ചിത്രങ്ങൾ പാനൂർ പൊലീസ് പാലക്കാട് റെയിൽവേ പൊലീസിന് കൈമാറിയിരുന്നു. ഇതേതുടർന്ന് പുലർച്ചെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് സായൂജിനെ കസ്റ്റഡിയിലെടുത്ത് പാനൂർ പൊലീസിന് കൈമാറി. ഇന്ന് ഉച്ചക്ക് ശേഷം സായൂജിനെ പാനൂർ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
fghfghfgfgfgbn