അരുണാചലിൽ മലയാളികൾ മരിച്ച സംഭവം; ഇ-മെയിൽ ചാറ്റ് വിവരങ്ങൾ കണ്ടെത്തി: പൊലീസ്
അരുണാചൽപ്രദേശിൽ മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയെന്ന് പൊലീസ്. മരിച്ച മൂന്ന് പേരുടെയും ഇ-മെയിൽ ചാറ്റ് സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തി. 2021 മുതലുള്ള ഇമെയിൽ ചാറ്റ് വിവരങ്ങളാണ് ശേഖരിച്ചത്. ചാറ്റിന്റെ ഉള്ളടക്കം ഇപ്പോൾ പുറത്തുപറയാൻ കഴിയില്ലെന്നും തിരുവനന്തപുരം ഡിസിപി നിതിൻരാജ് വ്യക്തമാക്കി.
കൂടുതൽ പരിശോധനകളും അന്വേഷണവും ആവശ്യമാണ്. ബ്ലാക്ക് മാജിക് ആണോയെന്ന് ഈയൊരു ഘട്ടത്തിൽ പറയാൻ കഴിയില്ല. അവരുടെ വിശ്വാസത്തിന്റെയോ അവർ വായിച്ച ഏതെങ്കിലും പുസ്തകത്തിന്റെയോ പ്രേരണ ആത്മഹത്യയ്ക്ക് പിന്നിൽ ഉണ്ടായേക്കാം. മറ്റാരുടെയെങ്കിലും പങ്ക് ഇതിലുണ്ടോ എന്നുള്ള കാര്യവും പരിശോധിക്കും. നവീനും ദേവിക്കും ആര്യയുമായി നാലുവർഷത്തെ പരിചയമുണ്ടെന്നും ഡിസിപി പറഞ്ഞു.
മൂവരുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിച്ചേക്കും. മൂന്ന് പേരുടെയും പോസ്റ്റ്മോർട്ടം ഇന്നലെ കഴിഞ്ഞിരുന്നു. നടപടികൾ പൂർത്തിയാക്കി വേഗത്തിൽ നാട്ടിലേക്ക് തിരിക്കാനാണ് നീക്കം. ഇറ്റാനഗറിൽ എത്തിയ വട്ടിയൂർക്കാവ് പൊലീസ് സംഘം അരുണാചൽ പ്രദേശിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മരണവുമായി ബന്ധപ്പെട്ട് അരുണാചൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സഹകരിച്ച് ആയിരിക്കും കേസ് അന്വേഷിക്കുക.
asasasas