എസ്. മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍
ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന എസ്. മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍. സംസ്ഥാന സര്‍ക്കാരിന്‍റെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. 2023 ഓഗസ്റ്റിലാണ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്. എന്നാല്‍ നിയമനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും നിയമനത്തെ അനുകൂലിച്ചു. ഇതോടെ 2−1 ഭൂരിപക്ഷത്തില്‍ നിയമന ശിപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു. പ്രതിപക്ഷ നേതാവ് വിയോജിച്ചാലും നിയമനം നടത്തുന്നതില്‍ തടസമില്ല.
ജസ്റ്റീസ് എസ്. മണികുമാറിന്‍റെ പല വിധികളിലും സര്‍ക്കാരിന് അനുകൂലമായ നിലപാടെടുക്കുന്നു എന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം. ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്ന് വിരമിച്ചപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ട് സര്‍ക്കാര്‍ തലത്തില്‍ യാത്രയയപ്പ് നല്‍കിയതും വിവാദമായിരുന്നു. 2023 ഏപ്രില്‍ 24നാണ് ജസ്റ്റീസ് എസ്. മണികുമാര്‍ കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചത്. അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്. ജഡ്ജിയായിരുന്ന മണികുമാര്‍ 2019 ഒക്ടോബര്‍ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായത്.
asdasd