വനം വകുപ്പ് ഓഫീസിൽ കഞ്ചാവ് കൃഷിചെയ്ത സംഭവം; റേഞ്ചർക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്പെന്‍ഷൻ
എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കഞ്ചാവ് വളർത്തിയെന്ന് റിപ്പോർട്ട് നൽകിയ റേഞ്ചർക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്പെന്‍ഷൻ. റേഞ്ചർ ബി ആർ ജയൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ആര്‍ അജയ് എന്നിവർക്കാണ് സസ്പെൻഷൻ. അഡീഷണൽ പ്രിൻസിപ്പൽ സിസിഎഫിന്‍റെതാണ് ഉത്തരവ്
കുറ്റകൃത്യം കണ്ടെത്തിയ ശേഷം നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും വ്യക്തിവൈരാഗത്തിന്‍റെ പേരില്‍ അധികാര ദുർവിനിയോഗം നടത്തിയെന്നും കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. പ്രതിയായ അജേഷിന്‍റെ മൊഴി ഇഷ്ടപ്രകാരം എഴുതിച്ചേർത്തെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഫോണിൽ റെക്കോർഡ് ചെയ്ത പ്രതിയുടെ മൊഴി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന്‍റെ നടപടി വനം വകുപ്പിന് നാണക്കേട് ഉണ്ടാക്കിയതായി വിലയിരുത്തി.
ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് ഗ്രോബാഗുകളിലാണ് കഞ്ചാവ് നട്ടുവളര്‍ത്തിയിരുന്നത്. റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ക്കെതിരെ നേരത്തെ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ റസ്‌ക്യൂവര്‍ അജേഷാണ് കഞ്ചാവ് ചെടി വെച്ചു പിടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. കഞ്ചാവ് നട്ടത് താനാണെന്ന് ദിവസവേതന വാച്ചര്‍ അജേഷ് നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാൽ റിപ്പോർട്ടിൽ ദുരൂഹത തോന്നിയ വനം വകുപ്പ് വിശദമായ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
adsadsadsasd