കലാമണ്ഡലത്തിൽ ഇന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍റെ മോഹിനിയാട്ടം
കലാമണ്ഡലം കൂത്തമ്പലത്തിൽ ആര്‍എല്‍വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും. ഇന്ന് വൈകിട്ട് 5.00 മണിക്കാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മോഹിനിയാട്ടം. കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്.
ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയാധിക്ഷേപത്തിന്‍റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ.
അതേസമയം നൃത്താവതരണത്തിന് നേരത്തെ സുരേഷ് ഗോപിയുടെ ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ നിരസിച്ചിരുന്നു. തനിക്ക് അന്നേ ദിവസം തിരക്കാണെന്ന് കാട്ടിയാണ് സുരേഷ് ഗോപിയുടെ ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ നിരസിച്ചത്. മോഹിനിയാട്ടം അവതരിപ്പിക്കാൻ സൗന്ദര്യം വേണമെന്നും ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ കറുപ്പാണെന്നുമെല്ലാമാണ് കലാമണ്ഡലം സത്യഭാമ പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ നടത്തിയ ഈ വംശീയാധിക്ഷേപം പിന്നീട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
ascsxasassasasasas