അനുവിന്റെ കൊലപാതകത്തിൽ നിര്‍ണായക തെളിവുകള്‍; ബൈക്കും പ്രതി ധരിച്ചിരുന്ന കോട്ടും കണ്ടെത്തി

കോഴിക്കോട് വാളൂര്‍ സ്വദേശി അനുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന്. പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് മലപ്പുറം എടവണ്ണപ്പാറയില്‍ നിന്നും കണ്ടെത്തി. പ്രതിയുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിലാണ് ബൈക്ക് കണ്ടെത്തിയത്. എടവണ്ണപ്പാറ ജംഗ്ഷനില്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു ബൈക്ക്. പ്രതി ധരിച്ചിരുന്ന കോട്ടും ബൈക്കില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബാണ് കേസില്‍ പൊലീസിന്റെ പിടിയിലായത്. മുമ്പും നിരവധി കേസുകളിലെ പ്രതിയാണ് മുജീബെന്ന് പൊലീസ് പറഞ്ഞു. അതിക്രൂരമായാണ് പ്രതി അനുവിനെ കൊലപ്പെടുത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാള്‍ ബലാത്സംഗം ഉള്‍പ്പടെ 55 കേസുകളില്‍ പ്രതിയാണ്.
വാളൂര്‍ സ്വദേശി അനു(26)വാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മോഷ്ടിച്ച ബൈക്കിലെത്തിയ പ്രതി അനുവിന് ലിഫ്റ്റ് കൊടുത്തു. വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടിതാഴ്ത്തിയാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയതോടെ സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി മലപ്പുറത്തെ വീട്ടില്‍ വെച്ചാണ് പ്രതി പിടിയിലായത്. അനുവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ചുവന്ന ബൈക്കില്‍ ഒരാള്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം ആ വഴിക്ക് ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചത്.
മാര്‍ച്ച് 11നാണ് അനുവിനെ കാണാതായത്. തിങ്കളാഴ്ച രാവിലെ തന്റെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ അനുവിനെ കാണാതായതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തി. പിന്നീട് ചൊവ്വാഴ്ച തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ASXAaaaa