വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടം; ബ്രിഡ്ജ് നിർമിച്ചത് തീരദേശ പരിപാലന ചട്ടങ്ങൾ പാലിക്കാതെ
വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്‍റെ കൈവരി തകർന്ന് സഞ്ചാരികൾ കടലിൽ വീണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തീരദേശ പരിപാലന ചട്ടങ്ങൾ പാലിക്കാതെയാണ് ബ്രിഡ്ജ് നിർമിച്ചത്. കോസ്റ്റൽ സോണ്‍ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ(കെസിസെഡ്എംഎ) അനുമതി വാങ്ങാതെയാണ് നിർമാണം നടത്തിയത്. തീരത്തെ ഏത് തരം നിർമാണ പ്രവർത്തനങ്ങൾക്കും കെസിസെഡ്എംഎയുടെ അനുമതി വേണമെന്നാണ് ചട്ടം. എന്നാൽ താത്ക്കാലിക നിർമാണമായതിനാൽ അനുമതി വേണ്ടെന്നാണ് ഡിറ്റിപിസിയുടെയും അഡ്വഞ്ചർ ടൂറിസം പ്രമേഷന്‍ സൊസൈറ്റിയുടെയും വാദം.
ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിപ്പിച്ചതിലും ഗുരുതര വീഴ്ചയുണ്ടായെന്ന് വർക്കല മുനിസിപ്പാലിറ്റി ചെയർമാന്‍ കെ.എം. ലാജി പ്രതികരിച്ചു. വേലിയേറ്റ സമയത്ത് ബ്രിഡ്ജ് പ്രവർത്തിപ്പിക്കാന്‍ പാടില്ലായിരുന്നു. ബ്രിഡ്ജിന് കൂടുതൽ സുരക്ഷ ഉറപ്പാക്കാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പൂർണ സുരക്ഷ ഉറപ്പാക്കാതെ ഇനി നടത്തിപ്പിന് അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. നിർമാണം പൂർത്തിയായി മൂന്ന് മാസം മാത്രം പിന്നിടുമ്പോഴാണ് ശനിയാഴ്ച ബ്രിഡ്ജിന്‍റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
്േിു്ു