സിദ്ധാർഥിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ അറിയിച്ചു. മുഖ്യമന്ത്രിയെ ഓഫിസിൽ സന്ദർശിക്കാനെത്തിയ പിതാവിനോടും ബന്ധുക്കളോടുമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പൊലീസ് അന്വേഷണത്തിൽ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർഥിന്റെ മാതാവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡീൻ അടക്കമുള്ളവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി 18നാണ് ബി.വി.എസ്‍.സി രണ്ടാം വർഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സർവകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തിൽ കോളേജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു. മൂന്നു ദിവസം ഭക്ഷണം പോലും നൽകാതെ തുടർച്ചയായി മർദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെൽറ്റ് കൊണ്ടടിച്ചതിന്‍റെയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയർ കൊണ്ട് കഴുത്തിൽ കുരുക്കിട്ടതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
്േു്േു