കട്ടപ്പനയിൽ നരബലി നടത്തിയതായി സംശയം
കട്ടപ്പനയിൽ ഇരട്ട കൊലപാതകമെന്ന് സംശയം. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. കട്ടപ്പനയിൽ നടന്ന മോഷണക്കേസുമായി ബന്ധപെട്ട അന്വേഷണമാണ് വഴിത്തിരാവായത്. കട്ടപ്പന കക്കാട്ടുകടയിലെ വീട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് മോഷണശ്രമത്തിനിടെ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരയ്ക്കൽ നിതീഷ്(31) എന്നിവർ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചത്. പ്രതികൾ രണ്ടുപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണ് സൂചന. പ്രതികളിലൊരാളായ വിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് പരിശോധിച്ചപ്പോള്‍, വിഷ്ണുവിന്റെ അമ്മയെയും സഹോദരിയേയും പൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.
പൊലീസാണ് ഇവരെ മോചിപ്പിച്ചത്. ഇവരെ കുറേക്കാലമായി പൂട്ടിയിട്ടിരിക്കുകയാണെന്നാണ് നിഗമനം. പ്രതികളിലൊരാളായ നിതീഷ് പൂജാരി കൂടിയാണ്. മോഷണക്കേസില്‍ കൂടുതല്‍ തൊണ്ടി മുതലുകള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് പൊലീസ് വിഷ്ണുവിന്റെ വീട്ടിലെത്തുന്നത്. എന്നാല്‍ വീട്ടില്‍ ചില പൂജകളും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. വീടിന്റെ തറ ദീര്‍ഘ ചതുരാകൃതിയില്‍ കുഴിയെടുത്തതിന്റെയും, അവിടെ പുതുതായി കോണ്‍ക്രീറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
വിഷ്ണുവിന്റെ വൃദ്ധനായ പിതാവിനെ കുറേക്കാലമായി കാണാതായിട്ടെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. സഹോദരിയുടെ നവജാത ശിശുവിനെയും കാണാതായിട്ടുണ്ട്. ഇവരെ കൊലപ്പെടുത്തി വീടിനകത്ത് കുഴിച്ചിട്ടതായാണ് പൊലീസിന്റെ വിലയിരുത്തല്‍. മോഷണക്കേസിൽ പിടിയിലായ യുവാക്കളിൽ പരുക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലും മറ്റൊരാൾ റിമാൻഡിലുമാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമെ കൊലപാതങ്ങൾ സ്ഥിരീകരിക്കാൻ കഴിയൂ.
sdsa