കെ മുരളീധരനെതിരെ ആഞ്ഞടിച്ച് പത്മജ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്നും പത്മജ
കോൺഗ്രസ് നേതാവും സഹോദരനുമായ കെ. മുരളീധരന്‍റെ ‘വർക് അറ്റ് ഹോം’ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് പത്മജ വേണുഗോപാൽ. അനിയനായിരുന്നെങ്കിൽ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയെന്നും പത്മജ പറഞ്ഞു. ബി.ജെ.പി അംഗത്വമെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പത്മജ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തന്‍റെ ആരോഗ്യ പ്രശ്‌നം അടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിന് വേണ്ടിയാണ്. മൂന്ന്, നാല് പാർട്ടി മാറി വന്ന ആളായതു കൊണ്ട് എന്തും പറയാം. കൂടുതൽ ഒന്നും പറയുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കൂടുതൽ കോണ്‍ഗ്രസുകാർ ബി.ജെ.പിയിലെത്തുമെന്നും പത്മജ വ്യക്തമാക്കി.
എത്രയോ പേർ കോണ്‍ഗ്രസിൽ നിന്ന് പാർട്ടി വിട്ടുപോയി. അച്ഛന്‍ വരെ പോയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി പാർട്ടിയുമായി അകന്നു നിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ തന്നെ തോൽപിച്ച നേതാക്കളെ കുറിച്ച് കൃത്യമായി അറിയാം. പക്ഷെ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. സ്വന്തം മണ്ഡലത്തിൽ പോലും പ്രവർത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കേരളത്തിൽ നിന്ന് പോയാലോ എന്ന് വരെ ചിന്തിച്ചു. കെ.പി.സി.സി അധ്യക്ഷന്‍റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞെന്നും പത്മജ പറഞ്ഞു.
കെ. കരുണാകരനെ പോലും ചില നേതാക്കൾ അപമാനിച്ചു. നേതൃത്വത്തോട് പറഞ്ഞെങ്കിലും നിസാരമായി എടുക്കുകയായിരുന്നു. തന്‍റെ അമ്മയെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കും. കരുണാകരന്റെ മകൾ അല്ല എന്നാണ് രാഹുൽ പറഞ്ഞത്. രാഹുൽ ടി.വിയിൽ ഇരുന്ന് നേതാവായ ആളാണ്. അയാൾ ജയിലിൽ കിടന്ന കഥയൊക്കെ അറിയാമെന്നും തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും പത്മജ വ്യക്തമാക്കി.
asdasd