“ജനറൽ മീറ്റിങ് പ്രഹസനം; ഞാൻ തന്നെയാണ് ഇപ്പോഴും ബൈജൂസിന്റെ സി.ഇ.ഒ”


തന്നെ പുറത്താക്കാൻ ചേർന്ന അസാധാരണ ജനറൽ മീറ്റിങ് പ്രഹസനമാണെന്നും താൻ തന്നെയാണ് ഇപ്പോഴും ബൈജൂസിന്റെ സി.ഇ.ഒയെന്നും ബൈജു രവീന്ദ്രൻ. ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബൈജൂസിൻ്റെ ഓഹരി ഉടമകൾ കഴിഞ്ഞദിവസം യോഗം ചേരുകയും സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെ ബോർഡിൽനിന്ന് വോട്ട് ചെയ്ത് നീക്കിയതായും അറിയിച്ചിരുന്നു. എന്നാൽ, താൻ സി.ഇ.ഒ ആയി തുടരുമെന്നും മാനേജ്‌മെന്റിൽ മാറ്റമില്ലെന്നും അദ്ദേഹം ജറപ്പിച്ചുപറയുന്നു. ഓഹരി ഉടമകളുടെ വെള്ളിയാഴ്ചത്തെ അസാധാരണ പൊതുയോഗത്തെ പ്രഹസനമാണെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. തന്നെ പുറത്താക്കിയെന്നുള്ള വാർത്ത അതിശയോക്തിപരവും കൃത്യതയില്ലാത്തതുമാണെന്നും കൂട്ടിച്ചേർത്തു.‘നമ്മുടെ കമ്പനിയുടെ സി.ഇ.ഒ എന്ന നിലയിലാണ് ഞാൻ ഈ കത്ത് നിങ്ങൾക്ക് എഴുതുന്നത്. മാധ്യമങ്ങളിൽ നിങ്ങൾ വായിച്ചതിൽനിന്ന് വ്യത്യസ്തമായി ഞാൻ സി.ഇ.ഒ ആയി തുടരുകയാണ്. മാനേജ്‌മെന്റിലും മാറ്റമില്ല. ബോർഡും അതേപടി തുടരുന്നു’ −ബൈജു രവീന്ദ്രൻ സന്ദേശത്തിൽ വ്യക്തമാക്കി.

കെടുകാര്യസ്ഥതയും കമ്പനിയുടെ തകർച്ചയും ആരോപിച്ചാണ് ബൈജു രവീന്ദ്രനെയും കുടുംബത്തെയും ബോർഡിൽനിന്ന് പുറത്താക്കിയതെന്നായിരുന്നു ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ, യോഗം നിയമപരമായിരുന്നില്ലെന്ന് ബൈജു വ്യക്തമാക്കി.ആ യോഗത്തിൽ എന്ത് തീരുമാനമെടുത്താലും അത് നടപ്പാക്കാനാകില്ല. കാരണം സ്ഥാപിത നിയമങ്ങൾ പാലിച്ചായിരുന്നില്ല യോഗമെന്നും ബൈജു പറഞ്ഞു. ബൈജു രവീന്ദ്രനോ അദ്ദേഹത്തിൻ്റെ കുടുംബമോ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. യോഗത്തിൽ മതിയായ ക്വാറം തികഞ്ഞിരുന്നില്ലെന്ന് ബൈജു പറഞ്ഞു. കുറഞ്ഞത് ഒരു സ്ഥാപക ഡയറക്ടറെങ്കിലും അതിൽ പങ്കെടുക്കണമെന്നാണ് ചട്ടം. 170 ഓഹരി ഉടമകളിൽ 35 പേർ മാത്രമാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. അപ്രസക്തമായ യോഗത്തിൽ ലഭിച്ച പരിമിതമായ പിന്തുണയാണ് ഇത് വ്യക്തമാക്കുന്നത്. മാധ്യമങ്ങൾ നിരന്തരം വിചാരണ നടത്തിയാലും സത്യം തീർച്ചയായും ജയിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ബൈജു പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ‘എഡ്ടെക്’ സ്ഥാപനമായ ബൈജൂസ് നേരിടുന്നത്. വെള്ളിയാഴ്ച ചേർന്ന അസാധാരണ പൊതുയോഗത്തിലാണ് ബൈജു രവീന്ദ്രനെ പുറത്താക്കാനുള്ള പ്രമേയം പാസാക്കിയത്. അദ്ദേഹത്തിന്റെ ഭാര്യ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരെയും ബോർഡിൽനിന്ന് പുറത്താക്കിയതായി അവകാശപ്പെട്ടിരുന്നു.അതേസമയം അസാധാരണ പൊതുയോഗത്തിന്റെ തീരുമാനം നടപ്പാക്കുന്നത് കർണാടക ഹൈകോടതി താൽക്കാലികമായി വിലക്കിയിട്ടുണ്ട്. പൊതുയോഗത്തിനെതിരെ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ സമർപ്പിച്ച ഹരജിയിലാണ് നടപടി. മാർച്ച് 13ന് അടുത്ത വാദം നടക്കുന്നതുവരെ യോഗ തീരുമാനങ്ങൾ നടപ്പാക്കരുതെന്നാണ് നിർദേശം. കമ്പനിയുടെ സ്ഥാപകരെ മാറ്റി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനാണ് നിക്ഷേപകരുടെ തീരുമാനം. തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ പ്രമുഖ നിക്ഷേപകരായ ജനറൽ അറ്റ്ലാന്റിക്, ചാൻ സക്കർബർഗ് ഇനീഷ്യേറ്റിവ്, ഓൾ വെഞ്ച്വഴ്സ്, പീക് എക്സ്.വി പാർട്ണേഴ്സ്, സാൻഡ്സ് കാപിറ്റൽ ഗ്ലോബൽ ഇന്നവേഷൻ ഫണ്ട്, സോഫിന, ടി റോ പ്രൈസ് അസോസിയേറ്റ്സ് എന്നിവരാണ് യോഗം വിളിച്ചുചേർത്തത്. തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിൽ ബൈജുവിനും ഭാര്യക്കും സഹോദരനുംകൂടി 26.3 ശതമാനം ഓഹരിയാണുള്ളത്. അതേസമയം, ബൈജുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന നിക്ഷേപകർക്ക് 30 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അതിനിടെ, കമ്പനിയിലെ സാമ്പത്തിക കെടുകാര്യസ്ഥതക്കെതിരെ നാല് നിക്ഷേപകർ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.ടി) ബംഗളൂരു ബെഞ്ചിനെ സമീപിച്ചു. കമ്പനി നടത്തിക്കൊണ്ടുപോകാൻ സ്ഥാപകർ അനുയോജ്യരല്ലെന്ന് പ്രഖ്യാപിക്കുക, പുതിയ ഡയറക്ടർ ബോർഡിനെ നിയമിക്കുക, അവകാശി ഓഹരി പുറപ്പെടുവിച്ചത് അസാധുവാക്കുക, കമ്പനിയിൽ ഫോറൻസിക് ഓഡിറ്റ് നടത്തുക തുടങ്ങിയവയാണ് നിക്ഷേപകർ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ.

article-image

sff

You might also like

Most Viewed