കണ്ണൂരിൽ കടുവ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി
കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാമലയില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദിനാണ് അന്വേഷണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് കടുവയെ തൃശൂര്‍ മൃഗശാലയില്‍ എത്തിക്കാനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നത്. കടുവയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്നിട്ടും കടുവ എന്തുകൊണ്ട് കോഴിക്കോട് എത്തിയപ്പോഴേക്കും ചത്തു എന്നതിലാണ് വിശദമായി അന്വേഷണം നടത്തുക. തൃശൂരേക്കുള്ള യാത്രാ മധ്യേ കടുവ ചത്ത വിവരം വനംവകുപ്പ് മന്ത്രിയെ അറിയിക്കുന്നതിലുള്‍പ്പെടെ വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കടുവയുടെ പോസ്റ്റ്‌മോര്‍ട്ടത്തിനെക്കുറിച്ച് ഉള്‍പ്പെടെ അന്തിമ തീരുമാനമായിട്ടില്ല.
രാത്രിയോടെ കടുവയെ മാറ്റാനായി വാഹനത്തില്‍ കയറ്റി തൃശൂരേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കോഴിക്കോടുവച്ച് കടുവയുടെ മരണം സംഭവിച്ചത്. കമ്പിവേലിയില്‍ കുടുങ്ങിയ കടുവ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഏറെ നേരം കഴിഞ്ഞാണ് കടുവയെ പ്രദേശത്തെ ആളുകള്‍ കാണുന്നത്. അപ്പോഴേക്കും കടുവ വല്ലാതെ അവശനായി കഴിഞ്ഞിരുന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്. ജനങ്ങളുടെ പ്രതിഷേധം കൂടി കണക്കിലെടുത്താണ് കടുവയെ തൃശ്ശൂരിലേക്ക് മാറ്റാനായി വനംവകുപ്പ് തീരുമാനമെടുത്തത്.
dfsdsdfsdfsdfsdsdsf
sdfdfsdfsdfs