കാട്ടാനയുടെ ആക്രമണം; ഒന്നാം പ്രതി വനംവകുപ്പും വനംമന്ത്രിയുമെന്ന് ടി സിദ്ദിഖ്


വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. വയനാട്ടിലെ സാമൂഹിക ജീവിതത്തെ മുഴുവന്‍ തകര്‍ത്ത് വന്യജീവി ആക്രമണം വർദ്ധിക്കുകയാണെന്ന് ടി സിദ്ദിഖ് പറഞ്ഞു. റേഡിയോ കോളര്‍ ഘടിപ്പിച്ച ആന ജനവാസ മേഖലയില്‍ എത്തിയത് ഗുരുതര വീഴ്ചയാണെന്നും ഒന്നാം പ്രതി വനംവകുപ്പും വനംമന്ത്രിയുമാണെന്നും എംഎല്‍എ പറഞ്ഞു.

വീടിനകത്തേക്ക്, ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങള്‍ കടന്നുവരുന്നത് വയനാട്ടില്‍ ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. മനുഷ്യന്റെ ജീവന്‍ അപഹരിക്കുന്നത് സ്ഥിരം സംഭവമായി മാറുകയും അത് പൊതുവത്കരിക്കുകയും ചെയ്യുന്നത് വിഷമകരമാണ്. വയനാടിന്റെ ചുമതലയുള്ള ഒരു വനംമന്ത്രിയുണ്ട്. അദ്ദേഹം തിരിഞ്ഞ് നോക്കിയിട്ടില്ല. വനം മന്ത്രി പ്രജീഷിന്റെ വീട്ടില്‍ പോയിട്ടില്ല. വന്യമൃഗ ആക്രമണം തടയുന്നതിന് സര്‍ക്കാര്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ല. വന്യമൃഗങ്ങള്‍ക്ക് മുന്നിലേക്ക് വയനാട്ടിലെ പാവപ്പെട്ട ജനതയെ ഇട്ടുകൊടുക്കുകയാണ്. വളരെ ഗുരുതരമായ സാഹചര്യത്തിലൂടെ വയനാട് കടന്നുപോകുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് ഫണ്ട് വകയിരുത്തി ഇത് ക്രമീകരിക്കുന്ന നടപടികളാണ് വേണ്ടതെന്നും എംഎല്‍എ പറഞ്ഞു.

പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജിയാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ഒരു മരണം കൂടി സംഭവിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. കാട്ടാന ജനവാസ മേഖലയിലിറങ്ങിയ വിവരം ലഭിച്ചിട്ടും ജനങ്ങളെ അറിയിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പത്ത് മിനുട്ട് മുമ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അജിയുടെ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ആന ഇപ്പോള്‍ കൊയിലേരി താന്നിക്കല്‍ മേഖലയിലാണുള്ളത്. അജിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിയിലും ആളുകള്‍ പ്രതിഷേധിക്കുകയാണ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിക്കാതെയാണ് നാട്ടുകാരുടെ പ്രതിഷേധം. ആന ഇറങ്ങിയതോടെ മാനന്തവാടി പ്രദേശത്തെ നാല് മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി, കുറുവ മേഖലയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

article-image

dfdfgfdgfgdfgd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed