അഭിവാദ്യം സ്വീകരിക്കാനായി സഞ്ചരിക്കുന്ന വാഹനത്തിന്റെ ആർസി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
റിപ്പബ്ലിക് ദിനത്തിലെ പരേഡ് വാഹന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിപാടിക്കെത്തുമ്പോൾ വാഹനത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു. അഭിവാദ്യം സ്വീകരിക്കാനായി സഞ്ചരിക്കുന്ന വാഹനത്തിന്റെ ആർസി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ല. എല്ലാ കാര്യവും തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടവും പൊലീസും ചേർന്നാണെന്നും മന്ത്രി പ്രതികരിച്ചു.
എല്ലാ നടപടിക്രമങ്ങളും പാലിച്ചു എന്നാണ് കലക്ടറും പൊലീസും അറിയിച്ചത്. മന്ത്രിക്ക് ഇതിൽ എന്താണ് റോളെന്ന് വാർത്ത നൽകിയവർ ആത്മ പരിശോധന നടത്തണം. ഏത് വാഹനത്തിൽ കയറിയാലും മന്ത്രിക്ക് എങ്ങനെ ഉത്തരവാദിത്വം ഉണ്ടാകും? ആശയക്കുഴപ്പമുണ്ടാക്കി ചിലരുടെ ചോര കുടിക്കാനുള്ള ലക്ഷ്യമാണിതെന്നും മന്ത്രി പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിൽ പൊലീസ് വാഹനത്തിന് പകരം അഭിവാദ്യം സ്വീകരിക്കാനായി മാവൂരിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വാഹനമായിരുന്നു മന്ത്രി ഉപയോഗിച്ചത്. വിപിന്‍ ദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെഎൽ 10 ബി 1498 നമ്പറിലുള്ള വാഹനമാണ് അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിച്ചത്.
അതേസമയം പൊലീസ് വാഹനത്തിന്റെ കാലാവധി കഴിഞ്ഞതിനാലാണ് മറ്റൊരു വാഹനം ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. കളക്ടറുടെ അനുമതിയോടെയാണ് വാഹനം വാടകക്ക് എടുത്തെന്നും പൊലീസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
fgfdgd