ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓർമദിനത്തിൽ പുതുപ്പളളിയിൽ 25 നിർധന കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓർമദിനത്തിൽ പുതുപ്പളളിയിൽ 25 നിർധന കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു. പുതുപ്പളളിയിലൊരുങ്ങുന്ന ഇരുപത്തിയഞ്ച് വീടുകൾക്കു പുറമേ സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലായി അഞ്ചു വീടുകളുടെ നിർമാണവും ആശ്രയ ട്രസ്റ്റ് നടത്തുന്നുണ്ട്. ചാണ്ടി ഉമ്മൻ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഉമ്മന്‍ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിനു കീഴിൽ മകനും എംഎൽഎയുമായ ചാണ്ടി ഉമ്മന്‍റെ നേതൃത്വത്തിലാണ് വീടുകളുടെ നിർമാണം. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനമായ ജൂലൈ 18−ന് മുൻപായി 31 വീടുകളുടെയും പണി പൂർത്തിയാക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. അറിയിച്ചു.
ഒരു ദിവസം കൊണ്ട് പൂർത്തിയായത് ഇരുപത് വീടുകളുടെ തറക്കല്ലിടീലാണ്. ജൂലൈ 18നാണ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓർമ ദിനം. അന്ന് നിർമാണം പൂർത്തിയാക്കി വീടുകളുടെ താക്കോൽ കൈമാറുമെന്നാണ് എംഎൽഎയായ ചാണ്ടി ഉമ്മൻ്റെ പ്രഖ്യാപനം. ഇരുപത് വീടുകളുടെയും ശിലാസ്ഥാപനം ഒരേ ദിവസമാണ് പൂർത്തിയായത്. വാകത്താനം മുതൽ പാമ്പാടി വരെ പുതുപ്പളളി നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായാണ് 25 ഉമ്മന്‍ചാണ്ടി വീടുകൾ ഒരുങ്ങുന്നത്.