പെരിട്ടോണിയല്‍ ഡയാലിസിസിനായി 4.9 കോടി അനുവദിച്ചു; ആരോഗ്യ വകുപ്പ് മന്ത്രി
പെരിട്ടോണിയല്‍ ഡയാലിസിസ് രോഗികളുടെ ചികിത്സ ഉറപ്പാക്കുന്നതിനായി 4.9 കോടി രൂപ അനുവദിച്ച് ഉത്തരവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പെരിട്ടോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഫ്‌ളൂയിഡ് വാങ്ങുന്നതിനായാണ് തുകയനുവദിച്ചത്. ഓരോ ജില്ലയിലേയും രോഗികളുടെ എണ്ണത്തിന് ആനുപാതികമായി കുറഞ്ഞ് മൂന്ന് മാസത്തേയ്ക്ക് ആവശ്യമായ ഫ്‌ളൂയിഡ് വാങ്ങാനാണ് തുകയനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
പെരിട്ടോണിയല്‍ ഡയാലിസിസ് പദ്ധതിയ്ക്ക് 7 കോടി രൂപയാണ് കേന്ദ്ര വിഹിതമായി അനുവദിക്കാനുള്ളത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സംസ്ഥാനം ഇടപെട്ട് പെരിട്ടോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഫ്‌ളൂയിഡ് വിതരണം ചെയ്തിരുന്നു. ഇതുകൂടാതെയാണ് 4.9 കോടി രൂപ കൂടി അനുവദിച്ചത്. ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്നതാണ് പെരിട്ടോണിയല്‍ ഡയാലിസിസ് പദ്ധതി. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് പെരിട്ടോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റര്‍, അനുബന്ധ സാമഗ്രികള്‍ എന്നിവ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭ്യമാക്കുന്നു.
നിലവില്‍ 640 രോഗികള്‍ക്കാണ് പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്നത്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് പെരിട്ടോണിയല്‍ ഡയാലിസിസ് പദ്ധതി കൂടി ആരംഭിച്ചത്.
dsadsdfsdfsdfsdfvdfgdf